Friday, May 17, 2024
spot_img

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആവശ്യമെന്ന് കോൺഗ്രസ് നേതാവ് !

കേന്ദ്ര സർക്കാരിന്റെ ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി കോൺഗ്രസ് മന്ത്രി രംഗത്ത്. ഹിമാചൽ പ്രദേശ് പിഡബ്ല്യുഡി മന്ത്രി വിക്രമാദിത്യ സിംഗാണ് ഏകീകൃത സിവിൽ കോഡിന് പൂർണ്ണ പിന്തുണ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന് ഇത് അനിവാര്യമാണെന്ന് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആവശ്യമായ ഏകീകൃത സിവിൽ കോഡിനെ ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു. പക്ഷേ അത് രാഷ്ട്രീയവത്കരിക്കരുത് എന്നാണ് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡിനെ കോൺഗ്രസ് ശക്തമായി എതിർക്കുമ്പോഴാണ് ഒരു കോൺഗ്രസ്സ് നേതാവ് തന്നെ ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ഈ നീക്കത്തെ എതിർക്കുകയാണ്. ഹിമാചലിലെ മന്ത്രി തന്നെ സിവിൽ കോഡിനെ പിന്തുയ്‌ക്കുന്നത് കോൺഗ്രസിന് വലിയ ക്ഷീണം വരുത്തി വെയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. കാരണം സിവിൽ കോഡിനെതിരെ രാജ്യത്ത് കോൺഗ്രസ് വലിയ സമരങ്ങൾക്ക് ഒരുങ്ങുന്നതിന് ഇടയിലാണ് ഇരുട്ടടി പോലെ ഹിമാചൽ മന്ത്രിയുടെ അഭിപ്രായം എത്തിയത്. ഇത് കോൺഗ്രസിന്റെ വാദങ്ങൾക്ക് ബലം കുറയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കുകയും ഏക സ്വഭാവും കൊണ്ടുവരുകയും ചെയ്യുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്.

അതേസമയം അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഉടൻ തന്നെ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി. ഇതിനായി നിയോഗിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി രണ്ട് ആഴ്ചയ്‌ക്കുള്ളിൽ സർക്കാരിന് കരട് സമർപ്പിക്കുമെന്നും കരടിന്റെ പകർപ്പ് ലഭിച്ചുകഴിഞ്ഞാൽ ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.

Related Articles

Latest Articles