Friday, October 16, 2026

കൗതുകം ലേശം കൂടുതലാ !! ടേക്ക് ഓഫിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പരിഭ്രാന്തി പടർത്തി യാത്രക്കാരൻ

വാരാണസി : ടേക്ക് ഓഫിനായി വിമാനം പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചു. ഉത്തർപ്രദേശിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വാരാണസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാസ എയർലൈൻസ് വിമാനത്തിലായിരുന്നു വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്.

മുംബൈയിൽ നിന്ന് വൈകുന്നേരം 6:20-ന് വാരാണസിയിലെത്തിയ അകാസ എയർലൈൻസ് ഫ്ലൈറ്റ് QP 1498 6:45-ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ്, ജൗൻപൂർ ജില്ലയിലെ ബദ്ഷാപ്പൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് മറ്റു യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തിക്ക് കാരണമായി.
ക്യാബിൻ ക്രൂ ഉടനടി പൈലറ്റിനെ വിവരമറിയിക്കുകയും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി തിരികെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുവരികയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരും എയർപോർട്ട് ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി. എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. സുരക്ഷാ പരിശോധനകൾക്കായി മുഴുവൻ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി. വിശദമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം വൈകുന്നേരം 7:45-ന് നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി മുംബൈയിലേക്ക് യാത്ര തിരിച്ചു.

ഫൂൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) പ്രവീൺ സിംഗ് അറിയിച്ചതനുസരിച്ച്, യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, സുജിത് സിംഗ് തൻ്റെ പ്രവൃത്തി അബദ്ധത്തിൽ സംഭവിച്ചതാണ്’, മനപ്പൂർവ്വമായിരുന്നില്ല എന്ന് പോലീസിനോട് മൊഴി നൽകി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇയാളെ രാത്രി വൈകി വിട്ടയച്ചു.

വാരാണസി വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടല്ല റിപ്പോർട്ട് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മറ്റൊരു യുവാവ് വിമാനം പറന്നുയരുന്നതിനിടെ പൈലറ്റ് കാബിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചതും പരിഭ്രാന്തിക്ക് കാരണമായിരുന്നു. ഇതേ തുടർന്ന് വിമാനം റാഞ്ചാൻ ശ്രമിച്ചു എന്ന സംശയത്തെത്തുടർന്ന് ഏഴ് പേരെ അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ഇത്തരം പെരുമാറ്റങ്ങൾ വിമാനത്താവള അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Related Articles

Latest Articles