കുന്നിക്കോട്: അച്ഛന്റെയും മകന്റെയും മർദ്ദനത്തിൽ യുവാവ് ദാരുണമായി മരിച്ചു. കുന്നിക്കോട് പച്ചില അനിൽകുമാർ വളവിൽ കടുവാംകോട് വീട്ടിൽ കൊച്ചുചെറുക്കൻ ലക്ഷ്മി ദമ്പതിമാരുടെ മകൻ അനിൽകുമാർ (35) ആണ് മരണപ്പെട്ടത്.
യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയതിനുശേഷം അച്ഛനും മകനും ചേർന്ന് അമ്മയുടെ മുന്നിലിട്ടായിരുന്നു ക്രൂരമായി മർദ്ദിച്ചത്. പ്രതികൾ കൃത്യത്തിനു ശേഷം ഒളിവിലാണ്. വിരമിച്ച വില്ലേജ് ഓഫീസർ അൽഫി ഭവനിൽ സലാഹുദീൻ (60), മകൻ ദമീജ് (28) എന്നിവർക്കായി കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.
വീട്ടിൽനിന്നു വിളിച്ചിറക്കിയ അനിൽകുമാറിനെ സലാഹുദിനും മകൻ ദമീജും ചേർന്ന് കമ്പിവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തലയ്ക്കും കാലിനും ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിലായ അനികുമാറിനെ കുന്നിക്കോട് പോലീസ് എത്തിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു.
വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടയിൽ ശിഖരം സലാഹുദീന്റെ വീട്ടിലേക്ക് വീണതുമയി ബന്ധ പ്പെട്ട് അനിൽകുമാറും ദമീജും തമ്മിൽ കഴിഞ്ഞദിവസം തർക്കവും കൈയേറ്റവും ഉണ്ടായതായി പറയുന്നുണ്ട്. ഇതിനുശേഷം അനിൽ കുമാറിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരുന്ന സലാഹുദ്ദീന്റെ കാറുകളുടെ കുറച്ചു ഭാഗങ്ങൾ അഗ്നിക്കിരയായതായി കണ്ടെത്തി.
കഴിഞ്ഞ 14-ന് നടന്ന സംഭവങ്ങളിൽ ഇരുകൂട്ടരും നൽകിയ പരാതികളിൽ കുന്നിക്കോട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മരം മുറിക്കുന്നതു സംബന്ധിച്ച് നാളുകളായി ഇരുവീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. അയൽവാസികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കുന്നിക്കോട് പോലീസ് പലതവണ ഇടപെട്ടെങ്കിലും ഫല മുണ്ടായില്ല. ഇതിനിടെയാണ് മർദനവും മരണവും. ഡോഗ് സ്‌ക്വോ ഡും ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. അനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രാധികയാണ് അനിൽകുമാറിന്റെ ഭാര്യ. മകൾ: അനാമിക.

