Sunday, May 26, 2024
spot_img

‘ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ആഘോഷം’; നവരാത്രി പൂജകൾ നാളെ ആരംഭിക്കും

സർവൈശ്വര്യദായിനിയായ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് നാളെ തുടക്കമാകുന്നു. നവരാത്രി കാലം ഭാരതത്തിൽ ദേവീ പൂജയ്ക്കു പ്രാധാന്യം നൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്. ബംഗാളിൽ കാളിയാണ് ആരാധനാമൂർത്തി എങ്കിൽ കർണ്ണാടകത്തിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. എന്നാൽ കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം.

നവരാത്രി വെറും ഒൻപത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ച കാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

ഭൂമിയും’ പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആർജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട ദിനങ്ങളാണ്.

ശക്തി സ്വരൂപീണിയായ ദേവി പത്തു നാളത്തെ ഘോരയുദ്ധത്തിന് ശേഷം മഹിഷാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങൾ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി മഹിഷാസുരനോട് പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ രസ വർണ്ണങ്ങളുടെ പൊലിമയാകുന്നു ഈ നവരാത്രി ദിനങ്ങൾ…!

ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. എല്ലാ ദിവസവും വ്രതം നോക്കാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത്. എങ്കിലും ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.

2021 ഒക്ടോബർ 06 ബുധനാഴ്ച വൈകിട്ട് 4:33 മുതൽ ശുക്ലപക്ഷ പ്രഥമ ആരംഭിക്കുന്നതിനാൽ നവരാത്രി വ്രതം അപ്പോൾ മുതൽ ആരംഭിക്കണം. ഒക്ടോബർ 15 വെള്ളിയാഴ്ച വൈകിട്ട് 6 .03 വരെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്.

അമാവാസി നാൾ മുതൽ വ്രതം തുടങ്ങുന്നതും ഉത്തമം . രാവിലെ കുളി കഴിഞ്ഞ് ദേവീ ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രദർശനത്തിന് സാധിക്കാതെ വന്നാൽ ഇക്കാലത്ത് പ്രഭാത സ്നാനത്തിനു ശേഷം ദേവിയെ ഭജിക്കുക.

അരിയാഹാരം ഈ ദിനങ്ങളിൽ ഒരു നേരം മാത്രമാക്കിയാൽ ഉത്തമം. പാൽ , നെയ്യ് , ഫലവർഗങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്മചര്യം പാലിക്കുക. പകലുറക്കം പാടില്ല .

വിദ്യാർഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ആത്മശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങൾ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സായംസന്ധ്യയിൽ സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങൾ, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒൻപത് തിരിയിട്ട നിലവിളക്കിനു മുന്നിലിരുന്നു ജപിച്ചാൽ അത്യുത്തമം .

തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ ആധാരം. മഹാകാല സംഹിത അനുസരിച്ച് വേദ കാലഗണനാ രീതി പ്രകാരം 4 നവരാത്രികള്‍ ഉണ്ട്. അവ ശാരദ് നവരാത്രി, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി എന്നിവയാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ശരദ് നവരാത്രി.

ശാരദ് നവരാത്രിയാണ് രാജ്യമെമ്പാടും കടുത്ത ഭക്തിയോടും ആവേശത്തോടും കൂടെ കൊണ്ടാടുന്നത്. ഈ വര്‍ഷം ശാരദ് നവരാത്രി ഒക്ടോബര്‍ 7ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് വിജയ ദശമിയോടും ദുര്‍ഗാ വിസര്‍ജാനോടും കൂടി അവസാനിക്കും.

ആദ്യത്തെ ദിവസം ശൈലപുത്രിയ്ക്കായും, രണ്ടാം ദിനം ബ്രഹ്മചാരിണിയ്ക്കായും, മൂന്നാം ദിനം ചന്ദ്രഘണ്ടയ്ക്കായും, നാലാം ദിനം കൂശ്മണ്ഠയ്ക്കായും, അഞ്ചാം ദിനം സ്കന്ദമാതയ്ക്കായും, ആറാം ദിനം കാർത്യായനിയ്ക്കായും, ഏഴാം ദിനം കാലരാത്രിയ്ക്കായും, എട്ടാം ദിനം മഹാഗൗരിയ്ക്കായും, ഒന്‍പതാം ദിനം സിദ്ധിധാത്രിയ്ക്കായും സമര്‍പ്പിച്ച് കൊണ്ടാണ് ഭക്തര്‍ പൂജ ചെയ്യുന്നത്.

നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇനി ഓരോ ദിവസത്തെയും പൂജാ സമയങ്ങൾ ഇങ്ങനെയാണ്

ഒന്നാം ദിനം: നവരാത്രിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് പ്രതിപാദ തിഥിയിൽ വരുന്ന ഘടസ്ഥാപനയിലാണ്. പ്രതിപാദ തിഥി ഒക്ടോബർ 6ന് വൈകിട്ട് 04:34 മണിക്ക് ആരംഭിച്ച് ഒക്ടോബർ 7ന് ഉച്ച തിരിഞ്ഞ് 01:46 മണിവരെ നിലനിൽക്കും. ഘടസ്ഥാനപയ്ക്കുള്ള ഏറ്റവും നല്ല സമയം, രാവിലെ 06:17 മുതൽ 07:07 വരെയും ശേഷം വീണ്ടും രാവിലെ 11:45 മുതൽ ഉച്ചയ്ക്ക് 12:32 വരെയാണ്.

രണ്ടാം ദിനം: ദ്വിതീയ തിഥി ആരംഭിക്കുന്നത് ഒക്ടോബർ എട്ടിനാണ് എങ്കിലും അത് ഒക്ടോബർ 7ന് ഉച്ചയ്ക്ക് 01:46 ന് ആരംഭിച്ച് എട്ടാം തീയ്യതി രാവിലെ 10:48 വരെയുണ്ടാകും.

മൂന്നാം ദിനം: ത്രിതീയ തിഥി ഒക്ടോബർ എട്ടിന് രാവിലെ 10:48ന് ആരംഭിച്ച് ഒൻപതാം തീയ്യതി 07:48ന് അവസാനിയ്ക്കും.

നാലാം ദിനം: ചതുർത്ഥി തിഥി ഒൻപതിന് രാവിലെ 07:48ന് ആരംഭിച്ച് പത്തിന് രാവിലെ 04:55ന് അവസാനിക്കും.

അഞ്ചാം ദിനം: പഞ്ചമി തിഥി പത്തിന് രാവിലെ 04:55ന് ആരംഭിച്ച് പതിനൊന്നിന് അതിരാവിലെ 02:14ന് അവസാനിക്കും.

ആറാം ദിനം: ഷഷ്ഠി തിഥി പതിനൊന്നാം തീയതി അതിരാവിലെ 02:14ന് ആരംഭിച്ച് രാത്രി 11:50തിന് അവസാനിക്കും.

ഏഴാം ദിനം: നവരാത്രി കാലത്തിലെ സപ്തമി പതിനൊന്നാം തീയതി രാത്രി 11:50ന് ആരംഭിച്ച് പന്ത്രണ്ടാം തീയതി രാത്രി 09:47ന് അവസാനിക്കും.

എട്ടാം ദിനം: അഷ്ടമി തിഥി അഥവാ മഹാഷ്ടമിയെന്നും മഹാ ദുർഗാഷ്ടമി എന്നും അറിയപ്പെടുന്ന സമയം, ഒക്ടോബർ 12ന് രാത്രി 09:47ന് ആരംഭിച്ച് പതിമൂന്നിന് രാത്രി 08:07ന് അവസാനിക്കും.

ഒൻപതാം ദിനം: നവമി തിഥി അഥവാ മഹാനവമി നാളിലാണ് ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതായി വിശ്വസിക്കുന്നത്. ഈ സമയം വരുന്നത് പതിമൂന്നാം തീയതി രാത്രി 08:17 മുതൽ പതിനാലാം തീയതി 06:52 വരെയാണ്.

പത്താം ദിനം: ദശമി തിഥി അഥവാ വിജയദശമിയാണ് നവരാത്രിയിലെ അവസാന ദിനമായി കണക്കാക്കുന്നത്. ഈ ദിവസം ദസറ എന്ന പേരിലും ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ പേരിൽ ആഘോഷിക്കപ്പെടുന്നു. ഈ സമയം ആരംഭിക്കുന്നത് പതിനാലാം തീയതി വൈകിട്ട് 06:52 നും അവസാനിക്കുന്നത് പതിനഞ്ചാം തീയ്യതി വൈകിട്ട് 06:02നുമാണ്

Related Articles

Latest Articles