ഒരായിരം ധീരയോദ്ധാക്കൾ ജനിച്ച് ജീവിച്ച് പോരാടി മരിച്ച മണ്ണാണ് നമ്മുടേത്. സത്യത്തിൽ അവരുടെയെല്ലാം ചോരയുടെയും വിയർപ്പിന്റെയും ത്യാഗങ്ങളുടെയും ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. എങ്കിലും അവർക്ക് നമ്മുടെ ചരിത്രം അർഹമായ സ്ഥാനം നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബൊണാപ്പാർട്ട് ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്
History is a set of lies agreed upon. A man will fight harder for his interests than for his rights. എന്നാണ് അതായത് അംഗീകരിക്കപ്പെട്ട ഒരു കൂട്ടം നുണകളാണ് ചരിത്രം. ഒരുവൻ അവന്റെ അവകാശങ്ങളെക്കാൾ പോരാടുന്നത് അവന്റെ താല്പര്യങ്ങൾക്കായാണ്. നമ്മുടെ ചരിത്രം കൂടി പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ എത്ര വാസ്തവമുള്ളതാണെന്ന് നമുക്ക് മനസ്സിലാകും. നാട് കൊള്ളയടിക്കാൻ എത്തിയവർ നമ്മുടെ പാഠപുസ്തകങ്ങളിൽ ഇടം നേടുകയും നാടിനായി പൊരുതിയവർ എന്നെന്നേക്കുമായി അവഗണിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ചരിത്രം മനപ്പൂർവ്വം മറന്നുകളഞ്ഞ ധീര ദേശാഭിമാനികളെ തിരിച്ചറിയുകയും അവരുടെ ത്യാഗങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ കർത്തവ്യമാണ്.
ചരിത്രം മനഃപൂർവ്വം അവഗണിച്ചു കളഞ്ഞവരെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന പേരുകളിലൊന്ന് തീർച്ചയായതും മദൻ ലാൽ ധിംഗ്രയുടേത് തന്നെയാണ്.വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താല്‍ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ രാജ്യസ്നേഹി, ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഭാരതത്തിന്റെ ധീരനായ പോരാളി.
1883 സെപ്റ്റംബര്‍ 18ന് അമൃതസറിലെ ഒരു ധനിക കുടുംബത്തിലായിരുന്നു മദൻ ലാൽ ധിംഗ്ര ജനിച്ചത്. അമൃത്സറിലെ മുനിസിപ്പല്‍ കോളേജ്, ലാഹോറിലെ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു അദ്ദേഹം തന്റെ പഠനകാലം ചിലവഴിച്ചത്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പഞ്ചാബ് ഗവണ്മെന്റിന്റെ കശ്മീര്‍ സെറ്റില്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലും പിതൃസഹോദരന്റെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലും ജോലി ചെയ്തു. പിന്നീട് ബോംബെയില്‍ കപ്പല്‍ നാവികനായി ജോലിയില്‍ പ്രവേശിച്ചു.
എന്നാല്‍ മാതാപിതാക്കള്‍ അദ്ദേഹത്തെ എഞ്ചിനീയറിംഗ് പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ശ്യാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ശ്യാംജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ സ്വാധീനത്താല്‍ മദന്‍ ലാല്‍ ധിംഗ്ര വിപ്ലവ പാതയില്‍ പ്രവേശിക്കുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി എന്നിവയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
1909 ജൂലൈ 1ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്ബീരിയല്‍ സ്റ്റഡീസില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്റെ വാര്‍ഷികപരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്ന കഴ്സണ് വൈലിയെ മദന്‍ ലാല്‍ വെടിവെച്ചുകൊന്നു.ഇതോടെ ഭാരതീയ യുവാക്കളുടെ ആരാധനപാത്രമായി അദ്ദേഹം മാറി.
കേസിൽ പിടിക്കപ്പെട്ട മദൻ, ഓള്‍ഡ് ബെയ്ലി കോര്‍ട്ടിലെ വിചാരണവേളയിൽ തന്നെ ശിക്ഷിക്കാന്‍ ബ്രിട്ടീഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കാന്‍ ആകില്ലെന്നും അതുകൊണ്ട് തന്നെ ഞാൻ സ്വയം കേസ് വാദിക്കുമെന്നും പറഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടുന്നത് രാജ്യത്തോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്നും, ബ്രിട്ടീഷുകാര്‍ തന്നെ തൂക്കിലേറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഇത് ഇംഗ്ലീഷുകാരോടുള്ള ഭാരതീയരുടെ പ്രതികാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ തന്നെ കോടതി നടപടികള്‍ പൂര്‍ത്തിയായി. ലണ്ടനിലെ പെന്റന്‍വില്‍ ജയിലില്‍ 1909 ആഗസ്റ്റ് 17ന് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.
“ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന … വന്ദേ മാതരം. ആ രാജ്യസ്നേഹിയുടെ അന്ത്യ പ്രസ്താവനയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു.
തൂക്കിലേറ്റിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വേണ്ടപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്തില്ല . പെന്റന്‍വില്‍ സെമിത്തേരിയില്‍ മറവുചെയ്ത ശരീരം ഏറെ നാള് അജ്ഞാതമായി കിടന്നെങ്കിലും 1976ല്‍ കണ്ടെത്തുകയും ഭൗതിക ശരീരം ദഹിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചിതാഭസ്മം നാട്ടിലെത്തിക്കുകയും ചെയ്തു. മദന്‍ ലാലിനോടുള്ള ആദര സൂചകമായി 1909ല്‍ മാഡം കാമ ആരംഭിച്ച തല്‍വാര്‍ എന്ന പ്രസിദ്ധീകരണത്തിന് മദന്‍സ് തല്‍വാര്‍ എന്ന പേര് നല്‍കുകയും ചെയ്തു.

