Wednesday, May 15, 2024
spot_img

സച്ചിന്‍ പൈലറ്റിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാന്‍ഡ്; നടപടി അനിവാര്യമെന്ന് അശോക് ഗെലോട്ട്

ദില്ലി : തന്‍റെ സര്‍ക്കാര്‍ അഴിമതിയോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. അഴിമതിക്കാര്‍ക്കെതിരെ സർക്കാർ നിരവധിതവണ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഏകദിന ഉപവാസ സമരം നടത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് മറുപടിയായി ഗെലോട്ട് പറഞ്ഞു. അതെ സമയം രാജസ്ഥാനിൽ കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ ദേശീയ നേതൃത്വം ഇടപെടുകയാണ്. ഇതിന്റെ ഭാഗമായി പ്രശ്നപരിഹാരത്തിനായി ദേശീയ അദ്ധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും.

സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരത്തിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. ഇതിനനുകൂലമായി പ്രമുഖ കോൺഗ്രസ് നേതാക്കൾ സച്ചിനെ വിമർശിക്കുകയാണ്. രാജസ്ഥാനിലേത് മികച്ച ഭരണമാണെന്നും ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. സച്ചിന്‍ പൈലറ്റ് വിമര്‍ശനമുന്നയിച്ച രീതി ശരിയായില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ്.എസ്.രണ്‍ധാവ പറഞ്ഞു. സച്ചിനുമായി ഇന്ന് അര മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചർച്ച നാളെയും തുടരുമെന്നും അറിയിച്ചു. എല്ലാവരെയും കേട്ട ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് രണ്‍ധാവ പറഞ്ഞു. നിലവിലെ സംഭവ വികാസങ്ങളും നേതാക്കളുടെ നിലപാടും രണ്‍ധാവ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയില്‍ എത്തി അറിയിച്ചു.

സച്ചിന്‍ പൈലറ്റിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തുടർഭരണം ലഭിക്കാൻ ജാഗ്രതയോടെയാണ് നീക്കം.

Related Articles

Latest Articles