Monday, April 29, 2024
spot_img

പൂരക്കാഴ്ച മറച്ച് വിദേശ വിനോദ സഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം നിർമിക്കുന്ന ഗ്യാലറി നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ഇടപെടൽ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിയുടെ ഹർജിയിൽ!

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തെക്കേ ഗോപുരനടയില്‍ നിര്‍മിക്കുന്ന വിഐപി ഗാലറി നിര്‍മാണം നിര്‍ത്തിവച്ചു. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ ഹര്‍ജിയിലാണ് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ഗാലറി നീക്കാന്‍ ഹൈക്കോടതി നിർദേശിച്ചത്. വിഐപി പവലിയന്‍ കാരണം ജനങ്ങൾക്ക് കുടമാറ്റം കാണാന്‍ സാധിക്കില്ലെന്നു വ്യാപകമായ പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിഐപി പവലിയന്‍ കാരണം ജനങ്ങള്‍ക്ക് കുടമാറ്റം കാണുന്നതിന് തടസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ വിആര്‍ കൃഷ്ണതേജയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പവലിയന്‍ നിര്‍മിക്കുന്നത് ജില്ലാ ഭരണകൂടമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് കലക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്.

ഇന്നലെ നിര്‍മാണം നിര്‍ത്തിവച്ചെങ്കിലും പൊളിച്ചു നീക്കുന്നതില്‍ തീരുമാനം ആയിരുന്നില്ല. വിദേശ വിനോദ സഞ്ചാരികളുടെ പേരില്‍ നിര്‍മിക്കുന്ന വിഐപി പവലിയന്‍ വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ കഴിഞ്ഞ മാസം ചേര്‍ന്ന പൂരം അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരും പറഞ്ഞിരുന്നു.
എന്നാല്‍ പൂരം ഒരുക്കങ്ങള്‍ തുടങ്ങിയതോടെ തെക്കേഗോപുര നടയിലെ വിഐപി പവലിയന്‍ നിര്‍മാണവും തുടങ്ങി. വിഐപി പവലിയനിലേക്ക് പാസിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് അപേക്ഷയും ക്ഷണിച്ചു. അതിനിടയിലാണ് ഗാലറി നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Related Articles

Latest Articles