Tuesday, April 30, 2024
spot_img

കുറ്റിക്കാട്ടിൽനിന്ന് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയ സംഭവം; രക്തസ്രാവത്തിനു ചികിത്സ തേടിയ യുവതിയാണ് പ്രസവിച്ചതെന്ന് സ്ഥിരീകരിച്ച് ഡോക്ടർമാർ; കുട്ടി തന്റേതല്ലെന്നാവർത്തിച്ച് യുവതി

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ ചോരക്കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി, കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ച സാഹചര്യത്തിലാണിത്. പോലീസ് അന്വേഷണ റിപ്പോർട്ടും കുട്ടി പൂർണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും നടപടി.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പു കടിച്ചിട്ടുള്ളതിനാൽ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരും. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ജി. വസന്തകുമാരിയമ്മയും ശിശുക്ഷേസമിതിയംഗം കെ. നാസറും ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തി.

യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അവർ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാൻ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല. വെള്ളിയാഴ്ചരാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതരസംസ്ഥാനഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് യുവതിയും ഇവിടെ രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഇവർ തന്നെ പ്രസവിച്ചതാണ് കുട്ടിയെയെന്നു ഡോക്ടർമാർക്കു മനസ്സിലായി. എന്നാൽ, യുവതി ഇക്കാര്യം നിഷേധിച്ചു. രണ്ടരക്കിലോയുള്ള സ്റ്റോൺ ഉണ്ടായിരുന്നെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. ഡോക്ടർമാർക്ക് ഇതുവിശ്വാസമായില്ല. യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ കണ്ടത്. അതുകൊണ്ടുതന്നെ യുവതിയുടേതു തന്നെയാണ് കുഞ്ഞെന്ന നിഗനമത്തിലാണ് പോലീസ്.

Related Articles

Latest Articles