Tuesday, October 27, 2026

രാഷ്ട്രപിതാവിന്റെ പ്രതിമയെ അപമാനിച്ച സംഭവം !എസ്എഫ്ഐ നേതാവിനെ കോളേജിൽ നിന്ന് അ‌നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു !

കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് ദൃശ്യങ്ങൾ പകർത്തി അ‌പമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവും ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അ‌ഞ്ചാംവർഷ ബി.കോം എൽഎൽബി വിദ്യാർത്ഥിയുമായ അ‌ദീൻ നാസറിനെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു. വാർത്തകളിലെയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്നും ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി മനസ്സിലാകുന്നുവെന്ന് കോളേജ് പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. അ‌ദീനെ അ‌നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതിന് പുറമെ സംഭവം അ‌ന്വേഷിക്കാൻ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിൽ അ‌ദീൻ നാസറിനെതിരെ എടത്തല പോലീസ് കേസെടുത്തിരുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീനിന്റെ പരാതിയിലായിരുന്നു നടപടി.

എസ്എഫ്ഐ നേതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ‘ഗാന്ധിജി എന്തായാലും മരിച്ചതല്ലേ’ എന്ന് പറയുന്നതും കേള്‍ക്കാം. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളില്‍നിന്ന് വീഡിയോ നീക്കം ചെയ്തു.

അ‌തേസമയം, സംഭവം നടക്കുമ്പോൾ അ‌ദീൻ നാസർ എസ്എഫ്ഐ. ഭാരവാഹി ആയിരുന്നില്ലെന്നാണ് പാർട്ടി പറയുന്നത്. ഇയാളെ സംഭവത്തിനുമുമ്പേ ആലുവ ഏരിയ കമ്മിറ്റിയിൽനിന്നും കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്നും മാറ്റിയിരുന്നെന്നാണ് എസ്എഫ്ഐയുടെ അവകാശ വാദം.

Related Articles

Latest Articles