Thursday, May 16, 2024
spot_img

തമിഴ്‌നാടിന്റെ ക്യാപ്റ്റൻ ! അനന്തപുരിയുടെയും ….നടന്‍ വിജയകാന്തിന്റെ വിയോഗത്തിൽ വിതുമ്പി തിരുവനന്തപുരവും

നടന്‍ വിജയകാന്തിന്റെ വിയോഗത്തിൽ തമിഴ്‌നാടിനൊപ്പം വിങ്ങിപ്പൊട്ടി തലസ്ഥാനവും. തമിഴ്‌നാട്ടിലെ ആക്ഷൻ ഹീറോയായും രാഷ്ട്രീയനേതാവുമായി അറിയപ്പെട്ട വിജയകാന്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുന്നതിന് മുന്നേ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചാല കമ്പോളത്തിൽ ആഭരണക്കട നടത്തിയിരുന്ന തമിഴ്നാട്ടുകാരൻ എന്ന നിലയിലും അനന്തപുരി നിവാസികൾക്ക് അദ്ദേഹം പരിചിതനായിരുന്നു

സിനിമ എന്ന ജീവിത ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അദ്ദേഹം കുറച്ച് കാലം ഒരു കച്ചവടക്കാരന്റെ വേഷം കെട്ടുകയായിരുന്നു. കുട്ടിക്കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നഗരം കാണാന്‍ മധുരയില്‍ നിന്ന് ട്രെയിന്‍ കയറി തിരുവനന്തപുരത്ത് വന്നിറങ്ങിയ അദ്ദേഹം യുവാവായപ്പോഴും അത് തുടര്‍ന്നു. മലയാള സിനിമയിലെ പലരോടും അദ്ദേഹം അവസരം ചോദിച്ചെങ്കിലും തഴയപ്പെട്ടു.

വിജയകാന്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാലയിലായിരുന്നു. മുത്തുലക്ഷ്മിയുടെ ഭര്‍ത്താവ് കണ്ണന്‍ സ്വർണ്ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്യോതി ജ്വല്ലറി മാര്‍ട്ട് എന്ന കട നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കച്ചവടം പ്രതിസന്ധയിലായപ്പോഴാണ് വിജയകാന്ത് കട ഏറ്റെടുക്കുന്നത്. കുറച്ച് കാലം കച്ചവടം മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് ജ്വല്ലറി വില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി.

1970 കളുടെ അവസാനത്തില്‍ വിജയകാന്ത് സിനിമ എന്ന ലക്ഷ്യത്തിലേക്കെത്തി. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. പിന്നീട് കുറഞ്ഞ ചെലവിൽ നിർമ്മിച്ച് മികച്ച വിജയം നേടാനാകുന്ന നായക നടൻ എന്ന നിലയിൽ അദ്ദേഹം ഉയർന്നു വന്നു. പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നു നായകൻ കൂടിയായിരുന്നു അദ്ദേഹം.

രജനീകാന്തും കമൽഹാസനും അരങ്ങ് വാണ 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറിലൂടെ അദ്ദേഹം ആരാധകരുടെ ക്യാപ്റ്റനായി. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.

1994-ല്‍ എം.ജി.ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ ക്യാപ്റ്റനെ തേടിയെത്തി.

Related Articles

Latest Articles