Sunday, May 5, 2024
spot_img

ഹൈഡ്രജൻ പെറോക്സൈഡ് കലര്‍ത്തിയ പാൽ കണ്ടെത്തിയ സംഭവം;പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയത് നാല് മണിക്കൂർ വൈകിയാണെന്ന് മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഹൈഡ്രജൻ പെറോക്സൈഡ് കലര്‍ത്തിയ പാൽ പരിശോധിക്കാൻ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വൈകിയത്തിനെതിരെ മന്ത്രി ജെ. ചിഞ്ചു റാണി.ഉദ്യോഗസ്ഥർ നാല് മണിക്കൂർ വൈകിയാണ് പരിശോധനയ്ക്ക് എത്തിയത്.സാംപിൾ വൈകി ശേഖരിച്ചു പരിശോധിച്ചതിനാൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോ എന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷീര വികസന വകുപ്പ് ആര്യങ്കാവ് ചെക്പോസ്റ്റിൽ വച്ച് തമിഴ്നാട്ടിൽ നിന്നും വന്ന ലോറി പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈ‍ഡിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാൽ നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതിനാൽ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനെ അറിയിച്ചു. എന്നാൽ ഇവരെത്തിയത് രാവിലെ ഒൻപതരയോടെയാണ്. അതായത് ലോറി പിടികൂടി നാല് മണിക്കൂറിന് ശേഷം. പിന്നീടാണ് സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കാൻ കഴിഞ്ഞത്

ഔദ്യോഗികപരമായി ആരോഗ്യ വകുപ്പിന്റെ പരിശോധന ഫലം ഇതുവരെയും കിട്ടിയിട്ടില്ല. പത്തനംതിട്ട പന്തളത്തെ ഒരു സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടു വന്ന പാലാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലിന്റെ കട്ടിയും കൊഴുപ്പും വര്‍ധിപ്പിക്കാനും കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത്. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നടപടിയെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണെന്നും ഇതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിലും അതിര്‍ത്തി ചെക്പോസ്റ്റുകളിൽ ക്ഷീര വികസന വകുപ്പിന്റെ പരിശോധന തുടരും.

Related Articles

Latest Articles