സർവീസിലുള്ളവർക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസർമാർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസർമാർ സേനയ്ക്കുനേരെ പരസ്യവിമർശനവും പരാതികളും ഉന്നയിക്കുന്നതു പതിവായ സാഹചര്യത്തിലാണ് ഈ നീക്കം.
നിലവിൽ, കരസേനാ നിയമം സർവീസിലുള്ളവർക്കുമാത്രമാണ് ബാധകം. വിരമിച്ചവർ സാധാരണ പൗരരെപ്പോലെ ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിലാണ് വരുക.
വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് സർവീസിലുള്ളപ്പോൾ ഉറപ്പുനൽകേണ്ടിവരുമെന്ന നിബന്ധന ഇതിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിരമിക്കുന്നവേളയിലാവും ഇതു നൽകേണ്ടത്. അതു ലംഘിക്കുന്നവർക്കെതിരേ ശിക്ഷാനടപടിയെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചട്ടം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർവീസിലുള്ള ഓഫീസർമാരുമായി ചർച്ച നടത്തിയിട്ടുണ്ട്.

