Sunday, April 28, 2024
spot_img

ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് വാങ്ങിയെന്ന് ദില്ലി പോലീസ്;എഫ്.ഐ.ആർ റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

ദില്ലി: ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് വാങ്ങിയെന്ന് ദില്ലി പോലീസ്. കേസില്‍ ദില്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫണ്ട് വാങ്ങിയതിൽ രണ്ട് സ്ഥാപനങ്ങൾ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്‍റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പോലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതൽ ഫണ്ടുകൾ കൈപ്പറ്റിയെന്നും പറയുന്നു.

ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചൈനയില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പോലീസിന്‍റെ ആരോപണം. ഗൗതം നവ് ലാഖ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളില്‍ ഈ പണം വന്‍തോതില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്സലുകള്‍ക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്‍റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരമായി മോശമായി ചിത്രീകരിച്ചുവെന്നും ആരോപണവും എഫ്.ഐ.ആറിലുണ്ട്. ഇതിനിടെ ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്. ഇതിനുമുന്നോടിയായി നാലു മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles