Friday, May 10, 2024
spot_img

കുത്തിവെപ്പ് ഫലം കണ്ടില്ല! കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി പേസർ മുഹമ്മദ്‌ ഷമി ;ആരോഗ്യവനായി എത്രയും വേഗം താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തട്ടെ എന്നാശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശസ്ത്രക്രിയ

യു.കെയിലെ ആശുപത്രിയിൽ കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ വിവരം ഷമി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെയെന്ന് ആശംസിക്കുന്നു. എനിക്കുറപ്പുണ്ട്, ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നിങ്ങൾ തിരിച്ചുവരും ’ -പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഷമി ടീമിലേക്ക് തിരിച്ചുവരാൻ സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ട്വന്‍റി20 ലോകകപ്പിൽ കളിക്കുന്ന കാര്യവും സംശയത്തിലാണ്. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. കാലിലെ വേദന സഹിച്ചാണ് ലോകകപ്പ് മത്സരങ്ങൾ കളിച്ചത്. ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. കുത്തിവെപ്പ് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഏകദിന ലോകകപ്പിൽ തകർപ്പൻ ബൗളിങ്ങുമായി ആരാധകരുടെ മനംകവർന്നിരുന്നു താരം. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ നേടി ടൂർണമെന്‍റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായി. താരത്തിന് അർജുന പുരസ്കാരം നൽകിയാണ് രാജ്യം ആദരിച്ചത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യന്‍ ഡ്രസ്സിങ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെയും ചേര്‍ത്ത് പിടിച്ചിരുന്നു.

Related Articles

Latest Articles