Sunday, April 28, 2024
spot_img

പരിക്കിനും തോൽപ്പിക്കാനായില്ല;
പൊട്ടലേറ്റ കൈത്തണ്ടയുമായി ബാറ്റിങ്ങിനിറങ്ങി ഹനുമ വിഹാരി

ഇൻഡോർ : രഞ്ജി ട്രോഫിയിൽ ബാറ്റിങ്ങിൽ സ്വന്തം ടീം തകർന്നടിഞ്ഞപ്പോൾ പൊട്ടലേറ്റു പരിക്കേറ്റ കൈത്തണ്ടയും വച്ച് കെട്ടി ഹനുമ വിഹാരി ബാറ്റിങ്ങിനിറങ്ങി. ആന്ധ്രയും മധ്യപ്രദേശും തമ്മില്‍ ഏറ്റുമുട്ടുന്ന ഇൻഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലിനിടെയായിരുന്നു സംഭവം .

മത്സരത്തിന്റെ ഒന്നാം ദിനമായ ഇന്നലെ ബാറ്റിങ്ങിനിടെ ആവേശ് ഖാന്‍ എറിഞ്ഞ അതിവേഗ ബൗണ്‍സര്‍ കൊണ്ട് വിഹാരിയുടെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റിരുന്നു. കടുത്ത വേദനയിൽ പുളഞ്ഞ താരം ബാറ്റിങ് പൂര്‍ത്തിയാക്കാതെ റിട്ടയേർഡ് ഹർട്ടായി തിരികെ നടന്നു. വൈദ്യ പരിശോധനയില്‍ താരത്തിന്റെ കൈത്തണ്ടയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു. പരിക്ക് ഭേദമാകാന്‍ ടീം ഡോക്ടര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം ദിനമായ ഇന്ന് ആന്ധ്രയുടെ ഒമ്പതാം വിക്കറ്റ് വീണതിനു ശേഷം ആന്ധ്രയുടെ നായകൻ കൂടിയായ വിഹാരി പൊട്ടലുള്ള കൈയില്‍ ബാന്‍ഡേജ് ചുറ്റി ബാറ്റിങ്ങിനെത്തുകയായിരുന്നു. പരിക്ക് കാരണം വലംകൈയന്‍ ബാറ്ററായ വിഹാരി ഇടംകൈയനായാണ് ബാറ്റിങ് തുടര്‍ന്നത്. ഒറ്റക്കൈ കൊണ്ടായിരുന്നു താരത്തിന്റെ ബാറ്റിങ്. 19 പന്തില്‍ നിന്നും 11 റണ്‍സാണ് വേദന കടിച്ചു പിടിച്ചു വിഹാരി നേടിയത്.

ലളിത് മോഹനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റില്‍ 26 റണ്‍സും വിഹാരി കൂട്ടിച്ചേര്‍ത്തു. ഒടുവിൽ ശരണ്‍ശ് ജെയ്ന്‍, വിഹാരിയെ പുറത്താക്കി. കടുത്ത വേദന സഹിച്ച് ടീമിനായി കളത്തിലിറങ്ങിയ വിഹാരിയെ വാഴ്ത്തി പാടുകയാണ് സോഷ്യല്‍ മീഡിയ.

Related Articles

Latest Articles