റേഷൻ കടകൾ സ്മാർട്ട് ആക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ കെ-സ്റ്റോർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങി. മലപ്പുത്തെ പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, ഏറനാട് എന്നീ അഞ്ച് താലൂക്കുകളിലാണ് പദ്ധതി നടത്താൻ ഉദ്ദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിതരണ വകുപ്പിന് ജില്ല സപ്ലൈ ഓഫിസർ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.
കേരള സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പദ്ധതി കൊണ്ടുവന്നിരുന്നു. ഈ പദ്ധതിയിലുൾപ്പെടുത്തിയാണ് റേഷൻ കടകളെ സ്മാർട്ടാക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഈ പദ്ധതി എങ്ങുമെത്താതെ നിൽക്കുകയാണ്. പൊതുജന സേവന കേന്ദ്രം, സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ വിൽപ്പന, 5,000 രൂപ വരെയുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള ബാങ്കിങ് സംവിധാനം, സംഭരണ കാലാവധി കൂടുതലുള്ള മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വിപണനം നടത്തുന്നതിനുള്ള സംവിധാനവും കെ-സ്റ്റോറിൽ ഉണ്ടാകും . പദ്ധതി പ്രവർത്തികമായാൽ റേഷൻ കടകളിൽ വലിയ മാറ്റം തന്നെ സൃഷ്ടിക്കാൻ കഴിയും.

