Friday, May 17, 2024
spot_img

രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാൻ വഴിവച്ച ലില്ലി തോമസ് ജഡ്ജ്‌മെന്റ്!ഓർമ്മകളിൽ മലയാളിയായ അഡ്വ. ലില്ലി ഇസബെൽ തോമസ്

ദില്ലി : ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിയാണ് അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട രാഹുലിന് ലോക്സഭാ അംഗത്ത്വം നഷ്ടമാകാൻ കാരണമായത്. ഈ സുപ്രധാന വിധിക്ക് പിന്നിൽ ഒരു മലയാളി അഭിഭാഷകയുടെ വിയർപ്പുണ്ട്. ചങ്ങനാശേരി കുത്തുകല്ലുങ്കൽ കുടുംബാംഗമായ ലില്ലി ഇസബെൽ തോമസ്, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയിന്മേലാണ് സുപ്രീം കോടതി 2013ലെ സുപ്രധാനവിധിയിലെത്തിയത്. നിയമനിർമ്മാണ സഭകളിലിരുന്നു നിയമം നിർമ്മിക്കേണ്ടതു ക്രിമിനലുകളല്ലെന്നതായിരുന്നു വാദം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സർക്കാരിന്റെ നോട്ടപ്പുള്ളികൾക്കുവേണ്ടി ഹാജരാകാനും ലില്ലിയിലെ നിയമജ്ഞ മടിച്ചില്ല. ഹിന്ദു വിശ്വാസം പിന്തുടരുന്ന പുരുഷൻ ആദ്യ വിവാഹത്തിൽ നിന്നു മോചനം നേടാതെ മതം മാറി രണ്ടാമതു വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധിയും ലില്ലിയുടെ ഹർജിയിലാണ്. 2019 ഡിസംബറിൽ 91ാം വയസ്സിൽ ദില്ലിയിൽ വച്ചാണ് ലില്ലി അന്തരിക്കുന്നത്.

92-ാം വയസ്സിലും വീല് ചെയറിൽ സുപ്രീംകോടതിയിൽ എത്തി മരടിലെ ഫ്ളാറ്റ് വിഷയത്തിൽ വീറും വീര്യവും നിറഞ്ഞ് അവർ വാദങ്ങളുന്നയിക്കാൻ അവർ മടികാണിച്ചില്ല. തന്റെ വാദങ്ങൾ കോടതിയെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ഏതറ്റം വരേയും പോകുന്ന ലില്ലി തോമസ് അഭിഭാഷകർക്കിയിലെ ജനകീയ മുഖമായിരുന്നു.

1955-ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി തുടങ്ങിയ ഔദ്യോഗിക ജീവിതമാരംഭിച്ച , ലില്ലി തോമസ് മദ്രാസ് സർവകലാശാലയിൽനിന്ന് എൽ.എൽ.എം പാസ്സായ ആദ്യ വനിതയെന്ന പ്രത്യേകതയോടെയാണ് 1960-ൽ അവർ സുപ്രീം കോടതിയിലെത്തുന്നത്. മുഖ്യമന്ത്രി പദത്തിലേറാൻ കൊതിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികൾക്ക് അനധികൃത സ്വത്തുസമ്പാദനക്കേസിൽ തടവുശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചതും ലില്ലി തോമസിന്റെ ഇടപെടലായിരുന്നു. ഇപ്പോഴും അവർ അഴിക്കുള്ളിലാണ്. സുപ്രീം കോടതിയിൽ ശശികല പൊട്ടിക്കരഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. 2013-ൽ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളിൽ തുടരുന്നതിൽനിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേർന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളിൽ മേൽക്കോടതികളെ സമീപിക്കുന്നവർക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളിൽ തുടരാമെന്നതായിരുന്നു അതുവരെയുള്ള രീതി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്. ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്‌മെന്റ് എന്ന പേരിലാണ്. രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെട്ടാൽ, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്‌മെന്റിന്റെ പ്രത്യേകത.

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയപ്പോഴും ലോകം ചർച്ച ചെയ്തത് ലില്ലി തോമസിന്റെ വാദമായിരുന്നു. ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ളാറ്റ് ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ലില്ലി തോമസ് സുപ്രീംകോടയിൽ ചോദിച്ചു. ഫ്ളാറ്റുകൾ ഒഴിയാൻ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് ലില്ലി തോമസ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നിൽ വാദിച്ചെങ്കിലും ഇക്കാര്യത്തിൽ ഒരു മണിക്കൂർ പോലും സാവകാശം നൽകാനാകില്ലെന്നാണ് അരുൺ മിശ്ര അറിയിച്ചത്. ലില്ലിതോമസ് വീൽ ചെയറിലായിരുന്നു അന്ന് കോടതിയിൽ എത്തിയത്.

Related Articles

Latest Articles