Saturday, May 25, 2024
spot_img

തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രി; അക്രമികളെ എത്തിച്ചത് പോലീസ് ജീപ്പിൽ; സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം; ഗുരുതര ആരോപണങ്ങളുമായി ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ആവർത്തിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമികളെ താൻ സഞ്ചരിക്കുന്ന പാതയിൽ എത്തിച്ചത് പോലീസ് ജീപ്പിലെന്നും അദ്ദേഹം ആരോപിച്ചു. ദില്ലിയിൽ ഇന്ന് രാവിലെ മാദ്ധ്യമ പ്രവർത്തകരെ കാണുമ്പോഴാണ് ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ ഗ്ലാസിന്റെ ചില്ല് തകർക്കാനാണ് എസ് എഫ് ഐ ഗുണ്ടകൾ ശ്രമിച്ചത്. ഇവരെ അവിടെ എത്തിച്ചത് പോലീസ് ജീപ്പിലാണ്. ചില്ല് തകർന്ന് തനിക്ക് പരിക്കേൽക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് താൻ പുറത്തിറങ്ങിയതെന്നും. താൻ പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ട്. അതിനെ കുറിച്ച് വ്യക്തമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിലാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചത്. എന്നാൽ പത്തു ദിവസമായിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ തിരുവനന്തപുരത്ത് എസ് എഫ് ഐ യുടെ ആക്രമണമുണ്ടായത്. ഗവർണറുടെ വാഹനം തടഞ്ഞുവച്ച് ബോണറ്റിൽ അടിക്കുകയും വശങ്ങളിലെ ഗ്ലാസ്സ് തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഗവർണർ വാഹനത്തിൽ നിന്നിറങ്ങി അക്രമികളെ തുരത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് ഗുണ്ടകളെത്താൻ നിങ്ങൾ അനുവദിക്കുമോ എന്ന് പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചിരുന്നു. ഗവർണറുടെ സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ഐ പി സി 124 വകുപ്പനുസരിച്ച് ഗവർണർക്കെതിരായ ആക്രമണങ്ങൾ അതീവ ഗുരുതര കുറ്റകൃത്യമാണെന്നും പിടിയിലായവരെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles