Thursday, May 9, 2024
spot_img

കലഹം അതിരൂക്ഷം !ചെയർമാന്റെ പ്രവർത്തനം ബോറും മാടമ്പിത്തരവും !രഞ്ജിത്തിനെതിരെ തുറന്നടിച്ച് ചലച്ചിത്ര അക്കാദമി അംഗങ്ങൾ

തിരുവനന്തപുരം : ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര അക്കാദമി അംഗങ്ങൾ. കഴിഞ്ഞ ദിവസം സമാന്തര യോ​ഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അം​ഗങ്ങളാണ് പരസ്യ പ്രതികരണവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. അക്കാദമിയുടെ 15 അം​ഗങ്ങളിൽ ഒൻപത് പേരാണ് കഴിഞ്ഞദിവസത്തെ സമാന്തരയോ​ഗത്തിൽ പങ്കെടുത്തത്.

“ശുദ്ധ കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിം​ഗ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നു. രഞ്ജിത്ത് വാർത്താ സമ്മേളനം നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഞങ്ങളോടൊരുവാക്ക് പറഞ്ഞില്ല. ഈ രീതിയിലുള്ള ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ഭൂഷണമല്ല. സർക്കാരിനേയും അപകീർത്തിപ്പെടുത്തുന്ന കാര്യമാണിത്. നമ്മളൊരിക്കലും അക്കാദമിക്ക് എതിരല്ല. ചെയർമാനും എതിരല്ല. അദ്ദേഹത്തിന്റെ ബോറായ മാടമ്പിത്തരത്തിനാണ് എതിരുനിൽക്കുന്നത്. ഒന്നുകിൽ അദ്ദേഹം തിരുത്തണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. ഇതിലൊരു വിട്ടുവീഴ്ചയും ഇല്ല. ഇത് അക്കാദമി സു​ഗമമായി മുന്നോട്ടുപോകാൻവേണ്ടിയാണ്. നല്ല രീതിയിൽ നടന്നുവരുന്ന ചലച്ചിത്രോത്സവമാണ്. ഏകാധിപതിയെ പോലെയാണ് രഞ്ജിത് സംസാരിക്കുന്നത്. കൗൺസിലിലേക്ക് ആളെ എടുക്കുന്നത് ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടത്. മേളയിൽ ഓരോ അം​ഗങ്ങൾക്കും ഓരോ ചുമതല കൊടുത്തിരുന്നു. അതെല്ലാം അവർ ഭം​ഗിയായി നിറവേറ്റുന്നുണ്ട്. ഇതിനിടയിൽ കുക്കു പരമേശ്വരൻ എന്ന അം​ഗത്തിന് ഒരു പ്രശ്നംവന്നു. ഇക്കാര്യം വളരെ കൃത്യമായി അറിയിക്കേണ്ടിടത്ത് അറിയിച്ചു. ഇതിനുശേഷം ചെയർമാൻ അവരെ വിളിച്ച് ഏകപക്ഷീയമായി പറയുകയാണ് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തി പോയ്ക്കോളാൻ. ഇത് അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരൊന്നുമല്ലല്ലോ. ചെയർമാനെ പോലെ തന്നെ അവരേയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്. ചെയർമാന്റെ നടപടികളിൽ എല്ലാ അം​ഗങ്ങൾക്കും എതിർപ്പുണ്ട്. പക്ഷേ പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.’

രഞ്ജിത് നടത്തുന്ന വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങൾക്കെല്ലാം തങ്ങളും കൂടിയാണ് സമാധാനം പറയേണ്ടത്. അയാൾക്ക് എല്ലാവരേയും പുച്ഛമാണ്. അം​ഗങ്ങൾ ഓരോരുത്തരേയും വ്യക്തിപരമായി ഫോൺവിളിച്ച് പിൻമാറ്റാൻ ശ്രമിക്കുന്നത് മാടമ്പിത്തരമാണ്” – ചലച്ചിത്ര അക്കാദമി അംഗങ്ങൾ പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.

Related Articles

Latest Articles