Monday, May 6, 2024
spot_img

നിമിഷപ്രിയയുടെ കുടുംബം യമൻ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രം! അമ്മയ്ക്ക് വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി

ദില്ലി : യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം ഇപ്പോള്‍ യമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. യമൻ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി.

യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഒന്നരക്കോടിയോളം വരും ഈ തുക. ഈ ചര്‍ച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും, മകള്‍ മിഷേല്‍ ടോമി തോമസും യമന്‍ സന്ദര്‍ശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ നിമിഷ പ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യമൻ നിലവിൽ ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നു പോകുകയാണ്.ഇതിനാൽ തന്നെ എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ രാജ്യത്തിനില്ല . എന്നാല്‍ നിമിഷ പ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമ കുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

മോചന ചര്‍ച്ചകള്‍ക്കായി യമന്‍ സന്ദര്‍ശിക്കാന്‍ നിമിഷ പ്രിയയുടെ അമ്മയും, മറ്റ് മൂന്ന് പേരുമാണ് അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. പ്രേമകുമാരിക്ക് പുറമെ, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് യാത്ര അനുമതി തേടിയത്.

വധശിക്ഷയ്‌ക്കെതിരെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വിധിക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ നിമിഷ പ്രിയയുടെ അപ്പീലിൽ ഇളവ് അനുവദിക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമനിലെ ജയിലിൽ തടവിൽ കഴിയുന്നത്.

Related Articles

Latest Articles