Sunday, May 19, 2024
spot_img

കണ്ടുനിന്നവര്‍ നിശ്ചലമായി; ഒരാൾ പ്ലാറ്റ്‍ഫോമിനും ട്രാക്കിനുമിടയിൽ, പാഞ്ഞ് കയറി ഇന്‍റര്‍സിറ്റി, അമ്പരപ്പ് മാറാതെ യാത്രക്കാർ

ലഖ്നോ: റെയിൽവേ സ്റ്റേഷനിൽ ആളുകൾ ട്രെയിൻ പാളം മുറിച്ചുകടക്കുന്നത് അപൂർവമായ കാഴ്ചയല്ല. ഇത് വളരെ അപകടം പിടിച്ചതാണെന്ന് അറിഞ്ഞ് വച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ എല്ലാവരും ചെയ്യുന്നത്. അപകടങ്ങള്‍ നിരവധി തവണ സംഭവിച്ചിട്ടും പലരും മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കാതെ റെയില്‍ പാളം മുറിച്ച് കടക്കുന്നത് ഇന്നും തുടരുന്നു. എന്നാൽ അതുണ്ടാക്കുന്ന വിപത്തിനെ കൃത്യമായി കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.

മരണം തൊട്ട് അടുത്ത് എത്തിയിട്ടും ഒന്നും പറ്റാതെ ഒരാൾ വരുന്നത് കാണുമ്പോൾ അത്ഭുതവും ഒപ്പം സന്തോഷവുമാണ്. ട്വിറ്ററില്‍ ആണ് ഈ വീഡിയോ എത്തിയത്. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ഭർത്തന റെയിൽവേ സ്റ്റേഷനിലൂടെയാണ് ഒരു ഒരു ഇന്റർസിറ്റി ട്രെയിന്‍ കടന്ന് പോകുന്നത്. പ്ലാറ്റഫോം നിറഞ്ഞ് യാത്രക്കാരെയും കാണാം. ഇതിലെന്താ ഇത്ര അത്ഭുതപ്പെടാനുള്ളത് എന്ന് ചോദിക്കാൻ വരട്ടേ. ട്രെയിന്‍ പോയി കഴിഞ്ഞുള്ള കാഴ്ചയാണ് കാണേണ്ടത്.

ട്രെയിന്‍ പോയിക്കഴിഞ്ഞതോടെ പ്ലാറ്റ്ഫോമില്‍ നിന്നവര്‍ കണ്ടത് പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ഒരു മനുഷ്യനെയാണ്. ട്രെയിന്‍ അദ്ദേഹത്തിന്‍റെ മുകളിലൂടെ കടന്ന് പോയിട്ടും ഒരു പരിക്ക് പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ പോയതിന് ശേഷം പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ നിന്ന് ഏഴുന്നേറ്റ അദ്ദേഹം കൈക്കൂപ്പുന്നതും സമീപം തന്നെ വീണു പോയ ബാഗും ഒരു കവറും എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഇതെല്ലാം ഞെട്ടലോടെയാണ് പ്ലാറ്റ്ഫോമില്‍ നിന്നവര്‍ കണ്ടു നിന്നത്. ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, തിരക്ക് കാരണം ട്രാക്കിലേക്ക് വീഴുകയായിരുന്നു. നേരത്തെയും സമാനമായ അപകടകരമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ഒരാളുടെ ബൈക്ക് റെയിൽവേ ക്രോസിലെ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് പുറത്തെടുക്കാൻ ഇയാൾ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് നിമിഷങ്ങൾക്കകം ട്രെയിനിടിച്ച് തകരുകയായിരുന്നു.

Related Articles

Latest Articles