കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം നടന്നത്. ഇതിനെത്തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ വ്യക്തമാക്കി.
കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ
യു.ഡി.എഫ് കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. ബി.ജെ.പി കൗൺസിലർമാരും പ്രക്ഷോഭത്തിലാണ്. നിലവിൽ യു.ഡി.എഫ്. കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബി.ജെ.പി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിനായി പിന്തുണ തേടുകയാണ്.
കൗൺസിലർമാരെ അവഗണിച്ച് അജണ്ടകളെല്ലാം മേയർ പാസാക്കുകയായിരുന്നുവെന്നും കൗൺസിലർമാർക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ മേയർ തയ്യാറായില്ലെന്നും ബി.ജെ.പി കൗൺസിലർ പത്മകുമാരി പറഞ്ഞു. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്മകുമാരി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷം മനഃപൂർവം കൗൺസിൽ നടപടികൾ തടസപ്പെടുത്തുകയാണെന്നും എടോ പോടോ വിളികളാണ് തനിക്ക് നേരെ കൗൺസിലിൽ ഉയർന്നതെന്നും മേയർ എം. അനിൽകുമാർ ആരോപിച്ചു

