Thursday, May 9, 2024
spot_img

രാജ്യം കാക്കുന്ന സൈനികരെ കാണുമ്പോൾ പിണറായി പൊലീസിന് വീണ്ടും ചൊറിച്ചിൽ ?

മേപ്പയൂരിൽ അവധിക്ക് നാട്ടിൽവന്ന സൈനികനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിലങ്ങുവച്ച് മർദ്ദിച്ചതായി കഴിഞ്ഞ വാർത്ത വന്നിരുന്നു . മേപ്പയൂർ സ്വദേശി അതുലിനാണ് കിളികൊല്ലൂർ മോഡൽ മർദ്ദനമേറ്റത്. ഇരുചക്രവാഹന പരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്നാരോപിച്ചാണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. നിർദ്ദേശമനുസരിച്ച് മേപ്പയൂർ സ്റ്റേഷനിലെത്തിയ അതുലിനെ എസ് ഐ ഉൾപ്പെടെ മൂന്നു പോലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് അതുൽ പറയുന്നു.

മർദ്ദനത്തെ തുടർന്ന് ഷോൾഡറിന് പരിക്കേറ്റ അതുലിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഹാജരാക്കുകയും തോളെല്ലിലെ പരിക്ക് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു. എന്നാൽ ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച് ചികിത്സ നിഷേധിക്കുകയും തിരികെ സ്റ്റേഷനിൽ കൊണ്ടുവന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് തലയൂരാനുമാണ് മേപ്പയൂർ പോലീസ് ശ്രമിച്ചത്.

പരിക്ക് സംബന്ധിച്ച രേഖകൾ അതുലിന് നൽകാതെ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അനന്തപുരി സോൾജിയേഴ്‌സ് എന്ന സൈനിക കൂട്ടായ്‌മയുടെ ഇടപെടലിന് ശേഷമാണ് മേപ്പയൂർ പോലീസ് ചികിത്സാ രേഖകൾ ബന്ധപ്പെട്ടവർക്ക് നൽകിയത്. പരിക്കിന്റെ വിശദ വിവരങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുകൊണ്ടുള്ള ഡോക്ടറുടെ കുറിപ്പും ചികിത്സാ രേഖകളിലുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വീണ്ടും സൈനികനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് അതുലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

സംഭവത്തിൽ അനന്തപുരി സോൾജിയേഴ്‌സ് വെൽഫെയർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. കിളികൊല്ലൂർ സംഭവത്തിന് ശേഷം പോലീസ് സൈനികരോട് വൈര്യനിരാതന ബുദ്ധിയോടെ പെരുമാറുകയാണെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ സൈനികൻ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

Related Articles

Latest Articles