പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച നട തുറക്കുന്ന സാഹചര്യത്തിലാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. പൂജ ദിവസങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക.