Wednesday, October 7, 2026

ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും; സെക്രട്ടേറിയറ്റ് പഴയപടിയാക്കാനുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതായി റിപ്പോർട്ടുകൾ

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ഇരച്ചു കയറിയ ശ്രീലങ്കന്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് കനത്ത സുരക്ഷയില്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോർട്ടുകൾ. സെക്രട്ടേറിയറ്റിന് മുന്നിലുള്ള ഗല്ലെ റോഡ് ഗതാഗതത്തിനായി സുരക്ഷസേന തുറന്നു.

പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് പഴയപടിയാക്കാനുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ കനത്ത നാശനഷ്ടങ്ങളാണ് സെക്രട്ടേറിയറ്റിന് സംഭവിച്ചിട്ടുണ്ട്. 100 ദിവസത്തിലേറെയായി പ്രക്ഷോഭകര്‍ ഉപരോധിച്ച സെക്രട്ടേറിയറ്റില്‍ ജൂലൈ ഒമ്പതിനാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. ഇതേത്തുടര്‍ന്ന് ഗോദബയ രാജപക്‌സ രാജ്യം വിടാനും പ്രസിഡന്റ് സ്ഥാനം രാജിവെക്കാനും നിര്‍ബന്ധിതനായി.

വെള്ളിയാഴ്‌ച നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ഗല്ലെ ഫെയ്‌സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ ശ്രീലങ്കന്‍ സുരക്ഷസേന ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച പ്രതിഷേധക്കാര്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിന് 100 മീറ്റര്‍ അകലെയാണ് തങ്ങിയത്. പകല്‍ പ്രതിഷേധമൊന്നും അരങ്ങേറിയില്ല. ശ്രീലങ്കന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലും ടെമ്പിള്‍ ട്രീസിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ആയിരത്തിലധികം വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായെന്നാണ് റിപ്പോര്‍ട്ട്. നഷ്ടപ്പെട്ടവ കൃത്യമായി തിട്ടപ്പെടുത്താന്‍ പുരാവസ്തു വകുപ്പിന്റെ അടക്കം സഹകരണത്തോടെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വക്താവ് നിഹാല്‍ താല്‍ദുവ പറഞ്ഞു.

പ്രതിഷേധം സമാധാനപരമായി നടത്താനുള്ള അവകാശത്തെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ പ്രസിഡന്‍ഷ്യല്‍ പാലസോ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയോ പോലെയുള്ള സര്‍ക്കാര്‍ കെട്ടിടം കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles