Friday, May 17, 2024
spot_img

പ്രധാനമന്ത്രി തലസ്ഥാനത്തെത്തി! മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്; ആദ്യ പരിപാടി വിക്രം സാരാഭായ് സ്പേസ് സെന്ററിൽ

തിരുവനന്തപുരം: വിഎസ്‌എസ്‌സിയിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. രാവിലെ 10.50ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ മോദി വിമാനം ഇറങ്ങിയത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി ജെ ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ചീഫ് സെക്രട്ടറി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ആദ്യം വിഎസ്എസ്‌സിയിലേക്കു പോകുന്ന പ്രധാനമന്ത്രി ചടങ്ങുകൾക്കു ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ പദയാത്ര സമാപനത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികര്‍ ആരൊക്കെയെന്നത് വിഎസ്‌എസ്‌സിയിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്‌സിയില്‍ എത്തി. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്.

ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും.

Related Articles

Latest Articles