Thursday, May 2, 2024
spot_img

ഗസലിലൂടെ മായാജാലം തീർത്ത ​ഗായകന് വിട; പങ്കജ് ഉധാസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; സംസ്കാരം ഓദ്യോ​ഗിക ബഹുമതികളോടെ!

ദില്ലി: അന്തരിച്ച പ്രശസ്ത ​ഗസൽ ​കലാകാരൻ പങ്കജ് ഉധാസിന്റെ സംസ്കാരം ഇന്ന്. മുംബൈയിലെ വസതിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ അഞ്ച് വരെയായിരിക്കും ചടങ്ങുകൾ നടക്കുക. ഓദ്യോ​ഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടക്കുന്നത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഉധാസ് ലോകത്തോട് വിട പറഞ്ഞത്. ഇതിഹാസ ഗായകന്റെ വിയോ​ഗത്തിൽ സാമൂഹ്യ, രാഷ്‌ട്രീയ, സിനിമാ മേഖലകളിലെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉധാസിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

1951മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരി കേശുഭായ് ഉധാസിന്റെയും ജിതുബെൻ ഉധാസിന്റെയും മകനായി പങ്കജ് ഉധാസ് ജനിച്ചു. മുംബൈയിൽ പ്രശസ്ത അ​ദ്ധ്യാപകനായിരുന്ന നവരംഗ് നാഗ്പുർക്കറുടെ ശിഷ്യണത്തിലാണ് ഉധാസ് തന്റെ സംഗീത യാത്ര ആരംഭിച്ചത്. ‌സം​ഗീത ലോകത്തെ സംഭാവനകളെ കൂടാതെ സാമൂഹ്യ രം​ഗത്തും ഉധാസിന്റെ പ്രവർത്തനങ്ങൾ വേറിട്ടതായിരുന്നു.

ക്യാൻസർ ബോധവൽക്കരണത്തിനും അതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിനും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരുഭാഗവും മാറ്റിവച്ചു. മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു പങ്കജ് ഉധാസ്. 1986-ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലെ ‘ചിത്തി ആയേ ഹേ’ എന്ന ഗാനത്തിലൂടെ ഉധാസ് പ്രശസ്തി നേടി. സം​ഗീത ലോകത്തിന് നൽകിയ സംഭാവനകൾ പരി​ഗണിച്ച് 2006-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Related Articles

Latest Articles