Sunday, April 28, 2024
spot_img

‘ഓരോ നിമിഷവും നിങ്ങളെ കാണാൻ കാത്തിരുന്നു’; ഭാരതത്തിന്റെ അഭിമാന ദൗത്യത്തിന് പിന്നിലെ കരുത്തുറ്റ കരങ്ങളെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി; ഇസ്രോ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് നരേന്ദ്രമോദി

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒ ആസ്ഥാനത്തെത്തി. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ‘ഓരോ നിമിഷവും നിങ്ങളെ കാണാൻ കാത്തിരുന്നു. നിങ്ങളുടെ ധീരതയെ സ്മരിക്കുന്നു’ എന്ന് മോദി പറഞ്ഞു. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ (ISTRAC) എത്തിയ പ്രധാനമന്ത്രിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി വരവേറ്റു. എസ്.സോമനാഥനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു.

ചന്ദ്രയാന്റെ വിജശില്പികളെ അഭിനന്ദിച്ച പ്രധാനമന്ത്രി അവർക്കൊപ്പം ഫോട്ടോയും എടുത്തു. ശേഷം വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിനെപ്പറ്റി ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി. ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രവും വീഡിയോകളും പ്രധാനമന്ത്രിക്ക് മുന്നിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന് വിക്രം ലാൻഡറിന്റെ ശില്പവും ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഫ്രെയിം ചെയ്തും ശാസ്ത്രജ്ഞർ സമ്മാനിച്ചു.

ലോകത്തിന്റെ എല്ലാ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നു. ഈ അഭിമാന നിമിഷത്തിന്റെ സന്തോഷം രാജ്യത്തില്ലെങ്കിൽ പോലും എനിക്ക് നിയന്ത്രിക്കാനായില്ല. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സന്തോഷം പങ്കിടാനായാണ് ഇവിടെ എത്തിയിരിക്കുന്നത് എന്ന് ബെം​ഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Latest Articles