Sunday, May 19, 2024
spot_img

മഹാനാടകം തുടരും! വിമതരും ഡെപ്യൂട്ടിസ്പീക്കറും നേർക്കുനേർ; വിമതപക്ഷത്ത് 46 എം എൽ എ മാരെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തകൃതിയായി നടക്കുമ്പോൾ ഇടഞ്ഞ് നില്‍ക്കുന്ന വിമതര്‍ക്കെതിരായ നിയമപരമായ നടപടികള്‍ ഇന്നുണ്ടായേക്കും. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്റെ ശുപാര്‍ശയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇന്ന് നോട്ടീസയക്കാനാണ് സാധ്യത. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകുന്നത്.

അതേസമയം ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വിമത എംഎല്‍എമാര്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്. 46 പേരാണ് പ്രമേയത്തില്‍ ഒപ്പ് വച്ചത്. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ ഓണ്‍ലൈനായി പങ്കെടുക്കും. സേനാ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച്‌ വിട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കുര്‍ളയില്‍ വിമത എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.

എന്നാൽ, വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. താന്‍ കഴിവില്ലാത്തവനാണെന്ന് വിമത എംഎല്‍എമാര്‍ക്ക് തോന്നുന്നുവെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

തന്നേയും മകന്‍ ആദിത്യനേയും നിങ്ങള്‍ നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു. ‘ഞാന്‍ കൊള്ളരുതാത്തവനും കഴിവില്ലാത്തവനുമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അതെന്നോട് പറയൂ. പാര്‍ട്ടിയില്‍ നിന്നും ഈ നിമിഷം വിട്ടുനില്‍ക്കാന്‍ തയ്യാറാണ്. ബാല്‍സാഹേബ് പറഞ്ഞത് പ്രകാരം നിങ്ങള്‍ എന്നെ ബഹുമാനിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്നേയും മകന്‍ ആദിത്യനേയും നേതാവായി അംഗീകരിച്ചിരുന്നോയെന്നാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.

വിമതര്‍ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി നേതാക്കളുമായി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. താന്‍ ജനങ്ങളെ കാണുന്നില്ലെന്നാണ് ചില സമയത്ത് അവര്‍ പറയുന്നത്, എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കുന്നില്ലെന്നാണ് മറ്റ് ചിലപ്പോള്‍ പറയുന്നതെന്നും താക്കറെ വിമര്‍ശിച്ചു. നേരത്തെ ഏക്‌നാഥ് ഷിന്‍ഡെയുമായി സംസാരിച്ചിരുന്നുവെന്നും ബിജെപിയുമായി യോജിച്ച്‌ പോകണമെന്ന് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞതായും യോഗത്തില്‍ താക്കറെ പറഞ്ഞു. ആ എംപിമാരെ തന്റെ അടുത്ത് കൊണ്ടുവരാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും താക്കറെ കൂട്ടിചേര്‍ത്തു.

Related Articles

Latest Articles