Friday, May 3, 2024
spot_img

സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും; നഗര റോഡുകളിൽ ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്റർ മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ജൂൺ 14 ന് ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളിൽ മുഖ്യ പങ്കും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി നിലവിലെ 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും. ഇരു ചക്രവാഹനങ്ങളുടെ വേഗ പരിധി നഗര റോഡുകളിൽ 50 കിലോമീറ്റർ ആയിരിക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തന്നെ തുടരും.

സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധിയും പരിശോധിക്കാം

6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും ക്രമീകരിക്കും.

Related Articles

Latest Articles