Tuesday, April 30, 2024
spot_img

വോട്ട് ചെയ്ത ജനത്തെ ആട്ടിപ്പായിക്കാത്ത ഭരണാധികാരി !

വെള്ളത്തിലെ മീനെന്നതുപോലെയായിരുന്നു ആള്‍ക്കൂട്ടത്തിലെ ഉമ്മന്‍ ചാണ്ടി. അതായിരുന്നു കഴിഞ്ഞ അരനൂറ്റാണ്ടു കേരളം നല്‍കിയ ഏറ്റവും വലിയ വിശേഷണം. അതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച പത്മഭൂഷണും ജ്ഞാനപീഠവും നൊബേലുമെല്ലാം. ഒന്നും രണ്ടുമല്ല നീണ്ട 53 വര്‍ഷമാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ജനവിധി തേടി ജയിച്ചുകയറിയത്. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. പുതുപ്പള്ളി എന്നും നിന്നത് കോണ്‍ഗ്രസിനൊപ്പമല്ല, മറിച്ച് ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു, ഒ.സിക്കൊപ്പമായിരുന്നു. ഏത് വിഷമഘട്ടത്തിലും പുതുപ്പള്ളി പള്ളിയിലെത്തിയാല്‍ അത് മറക്കുന്ന ഉമ്മന്‍ചാണ്ടിയില്ലാതെ പുതുപ്പള്ളി എന്ന നാടുപോലുമില്ല…1970ല്‍ ആദ്യമായി പുതുപ്പള്ളിയിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയെ നിയമസഭയിലേക്ക് അയച്ചതിന് ശേഷം പിന്നെ, കോണ്‍ഗ്രസിന് പുതുപ്പള്ളിക്ക് വേണ്ടി മറ്റൊരു മുഖം തിരയേണ്ടിവന്നില്ല. അതൊരു നീണ്ട കാലത്തേക്കുള്ള അടിയുറച്ച ജനവിധിയായിരുന്നു. രാഷ്ട്രീയ കാലാവസ്ഥ മാറി മാറി കലങ്ങി മറിഞ്ഞപ്പോഴും ഉമ്മന്‍ചാണ്ടി=പുതുപ്പള്ളി എന്ന സമവാക്യം തെറ്റിയില്ല. ആ കണക്ക് കിറുകൃത്യമായിരുന്നു. പുതുപ്പള്ളി എംഎല്‍എയായി 53 വര്‍ഷം പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി എന്ന റെക്കോര്‍ഡാണ് സ്ഥാപിച്ചത്. രണ്ട് തവണ കേരള മുഖ്യമന്ത്രി പദത്തില്‍. നാല് തവണ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ ജീവിതത്തെ ഉമ്മന്‍ചാണ്ടി തീരുമാനിക്കുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ ജീവിതം തീരുമാനിച്ച നാടാണ് പുതുപ്പള്ളി. പുതുപ്പള്ളിയുടെ ഭൂമിശാസ്ത്രവും ജനമനസും ഉമ്മന്‍ചാണ്ടിയെ പോലെ മറ്റേത് രാഷ്ട്രീയ നേതാവിനും മനസിലായിട്ടുണ്ടാവില്ല. രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പുതുപ്പള്ളിക്ക് കൂടി വേണ്ടി ജീവിച്ച ഉമ്മന്‍ചാണ്ടി, പുതുപ്പള്ളിയെ മറന്ന് ഒരു ദിവസം പോലും ജീവിച്ചിട്ടുണ്ടാകില്ല. അക്ഷരാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച മനുഷ്യനായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന വാക്ക് അതിന്റെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കിയ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയിലെ ഓരോ മനുഷ്യനുമായും വ്യക്തിബന്ധമുണ്ടായിരുന്നു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും, അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. തീർച്ചയായും ജനകീയനായ നേതാവ് തന്നെയാണ് വിട വാങ്ങിയിരിക്കുന്നത്.

Related Articles

Latest Articles