ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട നാളെ (ജൂലൈ 16 വ്യാഴാഴ്ച) വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരുന്നതോടെ ഈ മാസത്തെ പൂജാചടങ്ങുകൾക്ക് തുടക്കമാകും. നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
കർക്കടക മാസം ഒന്നാം തീയതിയായ ജൂലൈ 17 വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ദർശനത്തിനായി വീണ്ടും നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. കർക്കടകം ഒന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജ ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്കായി ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പൂജകളും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കും. കർക്കടക മാസത്തെ അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.
കർക്കടക മാസ പൂജകളോട് അനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് ദർശനം ഉറപ്പാക്കേണ്ടതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

