ഭാരതീയ സസ്യശാസ്ത്ര ചരിത്രത്തിലെ വിപ്ലവകാരിയായ ശാസ്ത്രജ്ഞ ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ സ്മരണകൾ പുതുക്കി ശാസ്ത്രലോകം. സ്വതന്ത്ര ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകിയ അവർ, അന്താരാഷ്ട്ര തലത്തിൽ സസ്യജനിതക ശാസ്ത്രത്തിൽ വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകൾ നടത്തിയ ഗവേഷകയാണ്. കരിമ്പ് വർഗ്ഗങ്ങൾക്കിടയിൽ ‘വർഗ്ഗാന്തര സങ്കരണം’ സാധ്യമാണെന്ന് ആദ്യമായി തെളിയിച്ചതിലൂടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മധുരമേറിയ കരിമ്പിനങ്ങളുടെ വികാസത്തിൽ അവർ നിർണ്ണായക പങ്കുവഹിച്ചു.
തലശ്ശേരിയിൽ ജനിച്ച് മദിരാശിയിലെ ക്വീൻ മേരീസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ജാനകി അമ്മാൾ, ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അപൂർവ്വം വനിതകളിൽ ഒരാളാണ്. മിഷിഗൺ സർവകലാശാലയിൽ നിന്നും പൗരസ്ത്യ ദേശത്തെ ആദ്യത്തെ ബാർബോർ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ അവർ പിന്നീട് ലണ്ടനിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലുൾപ്പെടെ സൈറ്റോളജിസ്റ്റായി സേവനമനുഷ്ഠിച്ചു. കരിമ്പിനു പുറമെ വഴുതനങ്ങ, മഗ്നോളിയ പൂമരങ്ങൾ എന്നിവയുടെ ക്രോമസോം ഘടനയിൽ അവർ നടത്തിയ ഗവേഷണങ്ങൾ ലോകപ്രശസ്തമാണ്. ശാസ്ത്രലോകത്തെ പ്രതിഭകളായ സി.ഡി. ഡാർളിംഗ്ട്ടനുമായി ചേർന്ന് അവർ രചിച്ച ‘ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്’ ഈ മേഖലയിലെ സുപ്രധാന ഗ്രന്ഥമായി ഇന്നും കരുതപ്പെടുന്നു.
1940- 45 കാലഘട്ടത്തിൽ ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലും വിസ്ലിയിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലും സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു. ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലെ സസ്യശാസ്ത്രജ്ഞൻ സി.ഡി.ഡാർളിംഗ്ട്ടനുമായി ചേർന്ന് ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ് എന്ന ഗ്രന്ഥം ഇക്കാലത്താണ് എഴുതിയത്. ജവഹർലാൽ നെഹ്രുവിന്റെ ക്ഷണം അനുസരിച്ച് 1951ൽ ബോട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് മടങ്ങി.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഗവേഷണം തുടർന്നു. മദ്രാസ് യൂണിവഴ്സിറ്റി സസ്യശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുളള മദുരവയൽ ഗവേഷണശാലയിൽ പ്രവർത്തനനിരതയായിരിക്കെ 1984 ഫെബ്രുവരി 7ന് അന്തരിച്ചു. ഫെബ്രുവരി 4 ന് ആണെന്നും 5 നാണെന്നും ചില രേഖകളിൽ പറയുന്നുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ജാനകി അമ്മാൾ.
1957-ൽ ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് സയൻസസ് അംഗത്വവും അവർ സ്വന്തമാക്കി. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതി ദിനത്തിൽ ‘ഇ.കെ.ജാനകി അമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്സോണമി’ എന്ന പുരസ്കാരം നൽകി വരുന്നു. 2000 ജനുവരി-1ൽ പ്രസിദ്ധീകരിച്ച കറണ്ട്സ് മാസികയിൽ നൂറ്റാണ്ടിലെ അമേരിക്കൻ ഇന്ത്യക്കാരിൽ ഒരാളായി ജാനകിയെ ഒരാളായി ചേർത്തിരുന്നു.
2019ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇ. കെ. ജാനകിയമ്മാളുടെ ബഹുമാനാർത്ഥം നിർമ്മലാ ജെയിംസ് രചിച്ച അവരുടെ മലയാള ഭാഷയിലുള്ള ആദ്യ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.
87 വർഷം നീണ്ട ജാനകിയുടെ ജീവിതത്തിൽ, അഞ്ചരപ്പതിറ്റാണ്ട് അവർ ശാസ്ത്രഗവേഷണത്തിനാണ് ചെലവിട്ടത്. സസ്യഗവേഷണ രംഗത്ത് സ്തുത്യർഹമായ എത്രയോ കണ്ടെത്തലുകൾ അവർ നടത്തി. അസംഖ്യം ഗവേഷണപ്രബന്ധങ്ങൾ ദേശീയ, അന്തർദേശീയ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

