Sunday, May 26, 2024
spot_img

തിരുവനന്തപുരത്ത് പനവിളയില്‍ മണ്‍തിട്ട ഇടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെയും മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് പനവിളയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തോട് ചേർന്ന മൺതിട്ട ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെയും മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി . അപകടം ഉണ്ടായി മിനിറ്റുകൾക്ക് ഉള്ളിൽ ഒരാളെ പുറത്തെടുക്കാനായെങ്കിലും അസം സ്വദേശിയായ രാഹുൽ ബിശ്വാസ് എന്നയാളെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഫയർ ഫോഴ്സ് സംഘം പുറത്തെത്തിച്ചത് . രാവിലെ 10 മണിയോടെയാണ് പനവിളയിൽ നിർമ്മാണത്തിലിരുന്നു ബഹുനില കെട്ടിടത്തോട് ചേർന്ന മൺതിട്ട അടർന്ന് വീണത് . ആഹാരം കഴിക്കാനെത്തിയ രണ്ടുപേർ മണ്ണിനടിയിലായി .

 

വെസ്റ്റ് ബംഗാൾ സ്വദേശിയ ദീപക് ബർമനെ മിനിറ്റുകൾക്ക് അകം പുറത്തെടുത്ത് ആശുപത്രിയിലാക്കി . മൺതിട്ടയുടെ ഭാഗമായിരുന്ന കോൺക്രീറ്റ് പാളിക്കകത്ത് ശരീരത്തിൻറെ മുക്കാൽ ഭാഗവും അകപ്പെട്ട് പോയ നിലയിലായിരുന്നു അസം സ്വദേശിയായ രാഹുൽ ബിശ്വാസ് .പത്ത് അടിയോളം വീതിയുണ്ടായിരുന്ന മൺതിട്ട പാതിയോളം അടർന്നു . മണ്ണ് പൊഴിഞ്ഞു വീഴുന്ന ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും വിഴാവുന്ന അവസ്ഥയിലുമായിരുന്നു . മുകളിൽ വലിയ ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങളുമുണ്ട് . കൈ കൊണ്ട് മണ്ണ് മാന്തി തൊപ്പിയിൽ നിറച്ച് മാറ്റിയാണ് ഫയർഫോഴ്സ് ആളെ പുറത്തെടുത്തത് .

പിആർഎസിൻറെ ഉടമസ്ഥതതയിലുള്ള ബഹുനില അപ്പാർട്ട്മെൻറിൻറെ പണി കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്നുണ്ട് . അപകടം നടക്കുമ്പോൾ 63 ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു . മോഡൽ സ്കൂൾ റോഡിനോട് ചേർന്ന ഭാഗമാണ് അടർന്ന് വീണത് . അപകട സാധ്യത നിലനിൽക്കുന്നതിനാൽ റോഡിനോട് ചേർന്നുള്ള ഭാഗം കോൺക്രീറ്റ് കെട്ടി സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .

Related Articles

Latest Articles