ദില്ലി : നിലവിൽ തമിഴ്‌നാട്ടിലെ വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന സമർപ്പിച്ച ഹര്‍ജി അടുത്തമാസം ആറിനു പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്രയും നാൾ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, പി.കെ.മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അരിക്കൊമ്പൻ ആരോഗ്യവാനല്ലെന്നും അവശനാണെന്നുമുള്ള വാർത്ത പ്രചരിക്കുന്നതിനിടെ കോതയാറില്‍ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന്‍ തുടരുകയാണ്. ഇത് ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശമായതിനാൽ ആന ഇനിയും ജനവാസ മേഖലയിലിറങ്ങില്ലെന്നാണ് കരുതുന്നത്. സമീപം മറ്റ് ആനക്കൂട്ടങ്ങളുണ്ടെങ്കിലും അരിക്കൊമ്പൻ അവയുമായി ചങ്ങാത്തത്തിന് മുതിരുന്നില്ല എന്നാണ് റിപ്പോർട്ട്.

