Friday, April 26, 2024
spot_img

സര്‍ജറി വിജയകരമായി കഴിഞ്ഞു; മണിരത്‌നത്തോട് നന്ദി; ബാബു ആന്റണി

പുതിയ പല ചിത്രങ്ങളിലൂടെയും തിരിച്ചുവരവ് നടത്തുകയാണ് മലയാളത്തിന്റെ സ്വന്തം ബാബു ആന്റണി. മണിരത്‌നം ചിത്രമായ പൊന്നിയന്‍ സെല്‍വനില്‍ അഭിനയിക്കുന്ന ബാബു ആന്റണി ലൊക്കേഷനില്‍ വെച്ച് പറ്റിയ അപകടത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇപ്പോള്‍ താരത്തിന്റെ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇടത് തോളിലെ എല്ലിന് സാരമായ പരിക്കുകള്‍ ഏറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അമേരിക്കയില്‍ വിശ്രമത്തിലാണെന്നും ബാബു ആന്റണി തന്നെയാണ് അറിയിച്ചിരിക്കുന്നത്.

‘പൊന്നിയില്‍ സെല്‍വം ഷൂട്ടിന്റെ തുടക്കത്തില്‍ എന്റെ ഇടത് തോളിനേറ്റ പരിക്ക് ഒടുവില്‍ ഭേദമാക്കി. രാവിലെ 10.20ന് അവര്‍ എന്നെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലേക്ക് വിട്ടു. എന്റെ കയ്യിലെ ‘അറ്റകുറ്റപണികള്‍’തീര്‍ക്കാന്‍ അവര്‍ക്ക് വേണ്ടി വന്നത് വെറും അരമണിക്കൂര്‍. ഷൂട്ടിനിടയിലും ഞാന്‍ വളരെയധികം സൂക്ഷിച്ചിരുന്നത് കൊണ്ട് പരിക്ക് പറ്റി രണ്ട് മാസമായിട്ടും കൂടുതല്‍ മോശമായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തമാശ എന്താണെന്ന് വച്ചാല്‍,ഷൂട്ടിനിടെ ഈ കൈവച്ച് ഞാന്‍ കുതിരപ്പുറത്ത് കയറുകയും സിനിമയിലെ ശത്രുക്കളോട് പോരാടുകയും ചെയ്തിരുന്നു. ഈ കാര്യം പക്ഷേ ഞാന്‍ ഡോക്ടറോട് പറഞ്ഞില്ല.ഞാനൊരു നടനാണെന്ന് ഹോസ്പിറ്റലിലെ ആ ഫ്‌ളോറിലുള്ള ഒരു ഇന്ത്യന്‍ ഡോക്ടര്‍ വഴി എല്ലാവരും അറിഞ്ഞിരുന്നു.

സര്‍ജറി ലിസ്റ്റില്‍ എന്റെ പേര് കണ്ട് തിരിച്ചറിഞ്ഞ ആ ഡോക്ടര്‍ ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിട്ടാണ് സഹപ്രവര്‍ത്തകരോട് എന്നെക്കുറിച്ച് സംസാരിച്ചത്. അവരുടെ സ്‌നേഹവും സഹകരണവും നല്ല പരിചരണവും എന്റെ പരിക്കിനെ ഭേദമാക്കി. നല്ല ആക്ഷന്‍ രംഗങ്ങള്‍ ആവശ്യപ്പെടുന്ന ബിഗ്ബജറ്റ് ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. എന്റെ തോളെല്ലിന് വലിയ പരിക്കാണ് പറ്റിയതെന്ന് എംആര്‍ഐ കണ്ട് മനസിലാക്കിയിട്ടും മണിരത്‌നം സര്‍ എന്നെ തുടരാന്‍ അനുവദിച്ചു. ആ ധൈര്യം കാണിച്ചതിനെ ആദരിക്കാതെ വയ്യ. കാരണം ഷൂട്ടിന്റെ തുടക്കത്തില്‍ സംഭവിച്ച പരിക്കായതിനാല്‍ അദ്ദേഹത്തിന് വേണമെങ്കില്‍ എന്നോട് ഖേദം പ്രകടിപ്പിച്ച് ഒഴിവാക്കാമായിരുന്നു. ഞാന്‍ അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഒരുക്കവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍,കഴിഞ്ഞ രണ്ട് മാസം സന്തോഷത്തോടെ അവസാനിച്ച ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. ദൈവം വലിയവനാണ്” ബാബു ആന്റണി കുറിക്കുന്നു.

Related Articles

Latest Articles