Thursday, May 23, 2024
spot_img

തിരുപ്പതിയിൽ പെൺകുട്ടിയെ കൊന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ; പിടിയിലായത് നാല് വയസുള്ള പെൺപുലി, സൂവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതായി അധികൃതർ, ഭക്തർക്ക് കർശ്ശന നിയന്ത്രണം

അമരാവതി:തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. നാല് വയസ്സ് പ്രായമുള്ള പെൺ പുലിയെയാണ് അധികൃതർ പിടികൂടിയത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നുവെങ്കിലും പുലി കൂട്ടിൽ കുടുങ്ങിയതോടെ കുട്ടിയെ ആക്രമിച്ചത് പുലിയാണ് എന്ന് സ്ഥിരീകരിച്ചു. ലക്ഷിതയുടെ മരണത്തിനു പിന്നാലെ തിരുപ്പതിയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 15 വയസിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന തീർത്ഥാടകരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ.

വൈകിട്ട് ആറ് മണി മുതൽ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളിൽ ടൂവിലർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കില്ല. കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ച് അച്ഛനമ്മമാർക്കൊപ്പം നടക്കുന്നതിനിടെയാണ് ലക്ഷിത ആക്രമിക്കപ്പെട്ടത്.

Related Articles

Latest Articles