തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങൾ നാടകീയമായ വഴിത്തിരിവിലേക്ക്. ഭരണത്തലവനെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടുന്നതിനിടെ, തലസ്ഥാനം മുതൽ കണ്ണൂർ വരെ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ പക്ഷങ്ങൾ ചേരിതിരിഞ്ഞ് പ്രതിഷേധവുമായാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ ചർച്ചകൾ മുറിക്കുള്ളിൽ നിന്ന് പരസ്യമായ ശക്തിപ്രകടനങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വലിയ പ്രകടനങ്ങൾ നടത്തി. “പട നയിച്ചവൻ നാട് ഭരിക്കട്ടെ” എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായിട്ടായിരുന്നു സതീശൻ അനുകൂലികളുടെ മാർച്ച്. ഇരിട്ടിയിൽ നടന്ന പ്രകടനത്തിൽ ഹൈക്കമാൻഡിന് നേരെ പോലും രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നു. അതേസമയം, തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സ് ബോർഡുകളിൽ പാലഭിഷേകം നടത്തി തങ്ങളുടെ പിന്തുണ അറിയിച്ചു. ആലപ്പുഴയിൽ വേണുഗോപാലിനെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും കോൺഗ്രസ് പ്രവർത്തകർ തന്നെ അവ പിന്നീട് നീക്കം ചെയ്തു.
തെരുവിൽ മാത്രമല്ല, ഡിജിറ്റൽ ലോകത്തും പോര് മുറുകുകയാണ്. ഇൻസ്റ്റഗ്രാമിൽ വി.ഡി. സതീശനെ പിന്തുണച്ച് “ജെൻസി പ്രതിഷേധം” എന്ന പേരിൽ വൻ സ്റ്റാറ്റസ് ക്യാമ്പയിൻ ആരംഭിച്ചു. മുപ്പത്തയ്യായിരത്തിലധികം ആളുകൾ ഇതിനോടകം ഈ ക്യാമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയും സതീശന് വേണ്ടി ഒന്നേകാൽ ലക്ഷത്തോളം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹൈക്കമാൻഡ് ജനവികാരം മാനിക്കണമെന്നും സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് സൈബർ ലോകത്തെ പ്രധാന ആവശ്യം.
ഹൈക്കമാൻഡ് പ്രതിനിധികളായ അജയ് മാക്കനും മുകുൾ വാസ്‌നികും വെള്ളിയാഴ്ച എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും വിശദമായ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കിയിരുന്നു. എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, മുസ്ലിം ലീഗും കേരള കോൺഗ്രസും വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചനകൾ. ഞായറാഴ്ചയോടെ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

