ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രത്യേക ‘ഒത്തുതീർപ്പ് ഫോർമുല’ ഹൈക്കമാൻഡ് മുന്നോട്ടുവെച്ചതായാണ് സൂചന. ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിലെ മുതിർന്ന നേതാക്കളുമായി നടത്തുന്ന ചർച്ചയോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ച നിലപാടിൽ തുടരുന്നത് ഹൈക്കമാൻഡിന് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതൃപ്തരാകുന്ന നേതാക്കൾക്ക് ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളോ നൽകി അനുനയിപ്പിക്കാൻ നീക്കം നടക്കുന്നത്. എന്നാൽ ആർക്കൊക്കെയാണ് ഈ പദവികൾ ലഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ല.
അതേസമയം തങ്ങൾക്കായി വാദിക്കാൻ അണികളെ തെരുവിലിറക്കിയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്. ശനിയാഴ്ചത്തെ ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ദില്ലിയിലെത്തും. കെ.സി. വേണുഗോപാൽ നിലവിൽ ദില്ലിയിലുണ്ട്.
മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച് എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ട് നടത്തുന്ന ചർച്ചയിൽ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിൽ ഓരോ നേതാവിനുമുള്ള പങ്കും ഗൗരവമായി ചർച്ച ചെയ്യും. ശനിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

