Sunday, October 4, 2026

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

തിരുവനന്തപുരം : കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലം ഔദ്യോഗികമായി പുറത്തുവിടുക. ഇത്തവണ 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലം അന്തിമമായി വിലയിരുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണത്തെ പ്രഖ്യാപനം നടക്കുന്നത്.

സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ചുമതലയേൽക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത്. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്ന്, പ്രഖ്യാപനത്തിനായി പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി ഉൾപ്പെടെയുള്ളവർ നിർദ്ദേശം നൽകിയിരുന്നു. ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് വിവിധ അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുറമെ ഗൾഫ് മേഖലയിൽ നിന്ന് 633 കുട്ടികളും ലക്ഷദ്വീപിൽ നിന്ന് 386 കുട്ടികളും ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്.


ഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടൽ വഴി ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ ‘Saphalam KITE’ എന്ന മൊബൈൽ ആപ്പ് വഴിയും റിസൾട്ട് ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലുള്ള അവലോകനങ്ങളും വിഷയാധിഷ്ഠിത വിശകലനങ്ങളും ഉൾപ്പെടുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും ആപ്പിലും ഒരുക്കിയിട്ടുണ്ട്. കൃത്യസമയത്ത് തന്നെ ഫലം പ്രസിദ്ധീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഐടി മിഷനും വിദ്യാഭ്യാസ വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.

Related Articles

Latest Articles