Tuesday, November 3, 2026

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി; സംഭവം എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ; അട്ടിമറി ആരോപണവുമായി കോൺഗ്രസ്; പോലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറിയ സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ഇന്ന് വൈകുന്നേരം സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി ശ്രദ്ധയിൽപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.

തുടർന്ന് ടയർ നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. സംഭവം പോലീസ് സ്വമേധയാ അന്വേഷിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തു വന്നു. ‘‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്’’– തിരുവഞ്ചൂർ പ്രതികരിച്ചു.

Related Articles

Latest Articles