കളമശ്ശേരി: സംസ്ഥാനത്ത് വമ്പൻ മോഷണങ്ങൾ നടത്തുന്ന സംഘം (Theft Gang Arrested)പിടിയിൽ. ഹൈവേ റോഡുകൾ കേന്ദ്രീകരിച്ച് യാത്രക്കാരായ ആളുകളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടത്തുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശികളായ വടക്കമനപ്പറമ്പിൽ ആന്റണിയുടെ മകൻ ആൻസൺ ഡിക്കോസ്റ്റ (22), വാര്യത്ത് വീട്ടിൽ സെബാസ്റ്റ്യൻ മകൻ അരുൾ സെബാസ്റ്റ്യൻ (23) എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും മോഷണ സാധനങ്ങളും മോഷണത്തിനുപയോഗിക്കുന്ന വാക്കത്തിയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം കളമശ്ശേരി ഭാഗത്ത് പ്രധാന ഹൈവേകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടത്തി വന്നിരുന്ന മോഷണ സംഘമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. കണ്ടെയ്നർ റോഡ് ഭാഗത്തു വെച്ച് ജിജി ജോൺ എന്നയാളുടെ ബൈക്കിൽ നിന്നും ബാഗ് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കളമശ്ശേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതറിഞ്ഞ ഉടനെ ഒളിവിൽ പോയ ആൻസൺ ഡിക്കോസ്റ്റയെ കളമശ്ശേരി ഭാഗത്തു നിന്നും അരുൾ സെബാസ്റ്റ്യനെ ഇടപ്പള്ളി ഭാഗത്തുനിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതികൾ ഇതിനു മുൻപ് മയക്കു മരുന്ന് കേസിൽ പിടിയിലായിട്ടുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.

