വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയുടെ കൈകളിലാണെന്നും അത് തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഒരു ‘ഉരുക്കുമതിലിന്’ തുല്യമാണെന്നും, ഇതിനെ മറികടക്കാൻ ഇറാൻ അശക്തരാണെന്നും ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഇറാൻ സൈന്യത്തിന് നിലവിൽ നാവികമോ വ്യോമമോ ആയ കരുത്തില്ലെന്നും, അവരുടെ സൈനികർ പിന്തിരിഞ്ഞോടുകയാണെന്നും ട്രമ്പ് ആരോപിച്ചു.
അതേസമയം, അമേരിക്കയുടെ ഈ അവകാശവാദങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് ഇറാൻ രംഗത്തെത്തി. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയും, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുകയും, യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ. ഈ കടലിടുക്ക് ഇപ്പോൾ തങ്ങൾക്ക് ഒരു യുദ്ധഭൂമി മാത്രമാണെന്നും, ശത്രുക്കൾ തങ്ങളുടെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വ്യക്തമാക്കി.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഹോർമുസ് കടലിടുക്കിന്റെ അടച്ചിടൽ അമേരിക്കയിൽ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഇത് ട്രമ്പ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ കാര്യങ്ങൾ തങ്ങളുടെ വരുതിയിലാണെന്നും, ഇറാനുമായുള്ളത് ഒരു ചെസ് കളി പോലെയാണെന്നും ട്രമ്പ് പ്രതികരിച്ചു. ഇറാനുമായുള്ള ചർച്ചകൾ മന്ദഗതിയിലാണെങ്കിലും, കാര്യങ്ങൾ അനുകൂലമായി മാറുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഇടനിലക്കാർ മുഖേനയാണ് ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ജി അറിയിച്ചിരിക്കുന്നത്.

