Saturday, April 27, 2024
spot_img

ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിക്ക് 21 ദിവസംകൊണ്ട് 70 ലക്ഷം ലാഭം

മുംബൈ: ഈ മാസം സർവീസ് തുടങ്ങിയ ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. 70 ലക്ഷം രൂപയുടെ ലാഭമാണ് ലഖ്‌നൗ-ഡൽഹി റൂട്ടിലോടുന്ന തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത്. ടിക്കറ്റ് വിൽപ്പനവഴി വരുമാനമായി ലഭിച്ചത് 3.70 കോടി രൂപയാണ്. ഓടിത്തുടങ്ങിയ ഒക്ടോബർ അഞ്ചുമുതൽ 28വരെയുള്ള 21 ദിവസത്തെ കണക്കാണിത്. ഇന്ത്യൻ റെയിൽവേയുടെ ഉപകമ്പനിയായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ ആർ സി ടി സി) ആണ് തേജസ് എക്സ്‌പ്രസ് സർവീസ് ഏറ്റെടുത്ത് നടത്തുന്നത്.

ശരാശരി 80-85 ശതമാനം സീറ്റുകളും നിറഞ്ഞാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്. ഒരു ദിവസത്തെ ശരാശരി വരുമാനം 17.50 ലക്ഷം രൂപയാണ്. ചെലവ് വരുന്നത് 14 ലക്ഷവും. 21 ദിവസം സസർവീസ് നടത്താൻ മൂന്നുകോടി രൂപ ചിലവായി.

തീവണ്ടി വൈകിയാൽ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാർക്ക് ഐ ആർ സി ടി സി. വാഗ്ദാനംചെയ്യുന്നത്.

തേജസ് എക്സ്പ്രസിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയിൽ ഈമാസം സർവീസ് തുടങ്ങും. ഇതേ മാതൃകയിൽ കേരളത്തിലടക്കം 150 സ്വകാര്യതീവണ്ടി സർവീസുകൾ തുടങ്ങാൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്

Related Articles

Latest Articles