Friday, May 17, 2024
spot_img

പുണ്യ പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിന്റെ വിളക്കുമാടം ഇടിച്ചു നിരത്തി ഊരാളുങ്കൽ ! പുരാവസ്‌തു മൂല്യം പരിഗണിക്കാതെ മരുമകന്റെ ടൂറിസം വകുപ്പ് വികസനത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്നത് കാടത്തം; ഉടൻ മരാമത്ത് പണികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തർ

വയനാട്: എന്തും ഏതും ഇടിച്ചു നിരത്താനുള്ള മരാമത്ത് മാഫിയയായി ഊരാളുങ്കൽ മാറിയതെങ്ങിനെ എന്ന ചോദ്യമാണ് ഇന്ന് വായനാടുകാരുടെ മനസ്സിൽ. മൂവായിരത്തോളം വര്ഷങ്ങളുടെ പഴക്കമുള്ള തിരുനെല്ലി ക്ഷേത്രത്തിന്റെ വിളക്കുമാടം വികസന പദ്ധതിയുടെ പേരിൽ ടൂറിസം വകുപ്പിന്റെ കൊട്ടേഷനെടുത്ത ഊരാളുങ്കൽ സ്ഥലത്തിന്റെ പുരാവസ്തുമൂല്യം പരിഗണിക്കാതെ ഇടിച്ചു നിരത്തിയത്. ദക്ഷിണ ഗയ എന്നറിയപ്പെടുന്ന ഹിന്ദുക്കൾ വലിയ പ്രാധാന്യം കൽപ്പിക്കുന്ന ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രം. അതിന്റെ പൗരാണിക തനിമ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ കണ്ണുംപൂട്ടിയുള്ള ഇടിച്ചു നിരത്തൽ. തിരുനെല്ലി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ചൈതന്യവും ചരിത്രപ്രാധാന്യം ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണ് കോൺക്രീറ്റ് വൽക്കരണമെന്ന ആരോപണമാണുയരുന്നത്. അഴിമതിയും കമ്മീഷനും മാത്രമാണ് ഇത്തരം മരാമത്ത് പണികൾക്ക് ഉത്തരവിടുന്നവരുടെ ഉദ്ദേശ്യം. പക്ഷെ നഷ്ടപ്പെടുന്നത് പൗരാണിക സമ്പത്താണെന്ന് ഭക്തർ അഭിപ്രായപ്പെടുന്നു.

കോടികൾ ചെലവഴിച്ച് ടൂറിസം വകുപ്പിന്റെ കീഴിലാണ് മലബാർ ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ വിവാദ മരാമത്ത് പണികൾ പുരോഗമിക്കുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ള തൂണുകൾ അടക്കം പൊളിച്ചുമാറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന ലാഘവത്തോടെയാണ് കോൺട്രാക്ട് കിട്ടിയിട്ടുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി പുരാതന നിർമ്മാണം ഇടിച്ചു നിരത്തിയത്. തികച്ചും അശാസ്ത്രായമായാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്ത നിലയിൽ തൂണുകളും ബലിക്കല്ലുകളും വീണുകിടക്കുന്നത്. അതേസമയം പുരാതന ക്ഷേത്രം പൊളിച്ചു പണിയുന്ന കാര്യം മലബാർ ദേവസ്വം ബോർഡ് പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടില്ല. സംരക്ഷിത സ്മാരകം അല്ലാത്തതിനാലാണ് പുരാവസ്‌തു വകുപ്പിനെ അറിയിക്കാത്തത് എന്ന ന്യായം പറഞ്ഞാണ് ഊരാളുങ്കലിന് ഇടിച്ചു നിരത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്. ബോർഡ് അറിയിച്ചിരുന്നെങ്കിൽ ക്ഷേത്രവും പൗരാണിക സമ്പത്തും സംരക്ഷിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുമായിരുന്നു എന്ന പുരാവസ്തു വകുപ്പിന്റെ നിലപാടും ശ്രദ്ധേയമാണ്.

ക്ഷേത്രം സംരക്ഷിക്കാനായി വലിയ പ്രതിഷേധത്തിലാണ് ഭക്തജനങ്ങൾ. വിവിധ സംഘടനകൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്, അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡിന് പരാതി നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് അടിയന്തിരമായി പ്രതികരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഭക്തരുടെ തീരുമാനം.

Related Articles

Latest Articles