തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വൈദ്യുതി തകരാറിൽ പരസ്‌പരം പഴിചാരി വകുപ്പുകൾ. ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. സംഭവത്തിൽ ഡിഎംഇ അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രി മൂന്ന് മണിക്കൂറോളം നീണ്ട പ്രതിസന്ധി ഇന്ന് രാവിലെയോടെയാണ് പൂർണമായും പരിഹരിക്കാൻ സാധിച്ചത്. താത്കാലിക ജനറേറ്റർ എത്തിച്ചാണ് ഇന്നലെ പ്രതിസന്ധി പരിഹരിച്ചത്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. വൈദ്യുതി തടസപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെ ഉണ്ടായ പ്രതിസന്ധിക്ക് കാരണം ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗത്തിനുണ്ടായ വീഴ്ചയെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. ഇലക്ട്രിക് റൂം ഭൂമിക്കടിയിൽ ആയതിനാൽ ഈർപ്പം കൂടി ഉപകരണങ്ങൾ ക്ലാവ് പിടിക്കാൻ ഇടയായി. ആശുപത്രിക്ക് പുതുതായി കിട്ടിയ ജനറേറ്റർ കമ്മീഷൻ ചെയ്യാത്തതും പ്രതിസന്ധി കൂട്ടിയെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. അതേസമയം ആരോഗ്യമന്ത്രി പ്രഖ്യാപിച്ച സമഗ്ര സമിതി അന്വേഷണത്തിൽ ഡിഎംഇ വിവരശേഖരണം നടത്തി.

