Monday, April 29, 2024
spot_img

ഇത് താൻടാ പോലീസ്!;റാ​ഗിം​ഗ് കേസ് ചുരുളഴിക്കാൻ വിദ്യാർത്ഥിയായി ക്യാംപസിലെത്തി ഉദ്യോഗസ്ഥ;മൂന്ന് മാസം കൊണ്ട് പ്രതികൾ പിടിയിൽ

ഭോപ്പാൽ: ജൂനിയർ വിദ്യാർത്ഥികളെ സ്ഥിരമായി റാ​ഗ് ചെയ്യുന്ന സീനിയർ വിദ്യാർത്ഥികളെ പിടികൂടാൻ
വിദ്യാർത്ഥി വേഷം ധരിച്ച് കോളേജിലെത്തി പോലീസ് ഉദ്യോഗസ്ഥ.ക്യാംപസിലെ കുറ്റകൃത്യം കണ്ടെത്താൻ എത്തിയ പോലീസ് ഉദ്യോ​ഗസ്ഥയാണിതെന്ന് ആരും തിരിച്ചറിഞ്ഞില്ല. മധ്യപ്രദേശ് പോലീസിലെ കോൺസ്റ്റബിളായ ശാലിനി ചൗഹാൻ ആണ് വിദ്യാർത്ഥിനിയെന്ന വ്യാജേന ഇൻഡോറിലെ മഹാത്മ ​ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെത്തിയത്.

മൂന്ന് മാസം കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ 11 സീനിയർ വിദ്യാർത്ഥികളെ ഇവർ തിരിച്ചറിഞ്ഞു. ഇവരെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് റാ​ഗിം​ഗിനെ കുറിച്ച് അജ്ഞാത പരാതി ലഭിച്ചിരുന്നു എന്ന് ഇൻസ്പെക്ടർ ടെഹസീബ് ഖ്വാസി വ്യക്തമാക്കി. പോലീസ് സംഘം കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയം കാരണം വിദ്യാര്‍ഥികളാരും വിവരങ്ങള്‍ കൈമാറിയിരുന്നില്ല. പരാതി നല്‍കിയ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ നയമനുസരിച്ച് ഇത് കൈമാറാന്‍ കഴിയുമായിരുന്നില്ല.

തുടർന്നാണ് മറ്റൊരു രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്. ശാലിനിയും മറ്റ് രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരും യൂണിഫോമിലല്ലാതെ സാധാരണ വേഷത്തിൽ ക്യാംപസിലെത്തി. കാന്റീൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയും വിവരങ്ങൾ ശേഖരിച്ചതും. ജൂനിയർ വിദ്യാർത്ഥികളോട് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് തങ്ങൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ തുറന്നു പറഞ്ഞത്.

തനിക്ക് ഇത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് കോൺസ്റ്റബിൾ ശാലിനി പറയുന്നു. ”ഞാൻ എല്ലാ ദിവസവും വിദ്യാർത്ഥിയുടെ വേഷത്തിൽ കോളേജിൽ പോകും. കാന്റീനിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കും. ഞാൻ എന്നെക്കുറിച്ച് അവരോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവർ എല്ലാക്കാര്യങ്ങളും എന്നോട് തുറന്നു പറയാൻ തുടങ്ങി.” സാധാരണ വിദ്യാർത്ഥികൾ കോളേജിൽ പോകുന്നത് പോലെ തന്നെ തന്റെ ബാ​ഗിൽ പുസ്തകങ്ങളുമുണ്ടായിരുന്നു എന്ന് ശാലിനി പറയുന്നു.

Related Articles

Latest Articles