Thursday, May 2, 2024
spot_img

CAG റിപ്പോർട്ട് അന്തിമം തന്നെ,പക്ഷെ ഈ റിപ്പോർട്ട് ഇപ്പോൾ കാണുന്നില്ല;ആരാണ് മുക്കിയത്?

കിഫ്ബിയുമായി ബന്ധപ്പെട്ട് സി ആൻഡ് എ.ജി. സർക്കാരിനു സമർപ്പിച്ചത് അന്തിമ റിപ്പോർട്ട്. ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു.

കിഫ്ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് മേയ് അഞ്ചിന് സർക്കാരിനു നൽകിയിരുന്നു. നവംബർ ആറിന് അന്തിമ റിപ്പോർട്ടാണ് ധനമന്ത്രിക്കു നൽകിയത്. ഇതിനുശേഷവും കരട് റിപ്പോർട്ടാണെന്ന് നവംബർ 14-ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവർക്കു കൈമാറണം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോർട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

2018-’19-ലെ സംസ്ഥാനസർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി എ.ജി. വാർത്തക്കുറിപ്പ് ഇറക്കിയതായി പറയുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്.

ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു എ.ജി.യുടെ കുറ്റപ്പെടുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.എ.ജി.യുടെ സമീപനമെന്നു ധനന്ത്രി ആരോപിച്ചിരുന്നു.

അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്. ഇതുസംബന്ധിച്ച വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ധനമന്ത്രിയുടെ ഓഫീസ് എത്തിയത്.

Related Articles

Latest Articles