Sunday, December 28, 2025

ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ വച്ചാണ് അന്ത്യം. 81 വയസ്സായിരുന്നു പ്രായം. ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നീ മേഖലകളിൽ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ.

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനായിരുന്നു തോപ്പിൽ ആന്റോ. ആന്റി എന്ന പേര് ഗാനമേളകൾക്കായി തോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു. സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗായകനായി. ആന്റോ, പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി വളർന്നുകൊണ്ടിരുന്നു.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാൽപ്പാടുകൾ’ സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നൽകിയത്. ‘ഫാദർ ഡാമിയൻ’ എന്ന ആദ്യ ചിത്രത്തിൽ ബാബുരാജായിരുന്നു സംഗീത സംവിധായകൻ. പിന്നീട് എം.കെ. അർജുനൻ, ദേവരാജൻ, കെ.ജെ. ജോയ് തുടങ്ങി എത്രയോ പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2 സെലിബ്രേഷൻസ് എന്ന സിനിമയിലെ നുമ്മടെ കൊച്ചിയെന്ന ഗാനമാണ് അവസാനമായി പാടിയത്.

Related Articles

Latest Articles