തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വെടിക്കെട്ടിന്റെ അന്തിമ അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലാക്കാനും ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തി.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങള്‍ സംഭവിച്ച്‌ സാഹചര്യത്തില്‍, പൂരം വെടിക്കെട്ട് അതേപടി നടത്തണമോയെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞവര്‍ഷം ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവിലാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. സമാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നേരത്തെ യോഗം വിളിച്ചു ചേര്‍ത്തത്. മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് , എംഎല്‍എ കെ രാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പൂരത്തിന്റെ പ്രൗഡിക്ക് യാതൊരു കോട്ടവും തട്ടാതെ വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം.

എക്‌സ്പ്‌ളോസീവ് വിഭാഗത്തിന്റെ അന്തിമ അനുമതിക്ക് വേണ്ട നടപടികള്‍ മുന്‍കൂട്ടി തുടങ്ങാനും സുരക്ഷ ഉറപ്പാക്കാനായി വെടിക്കെട്ട് കരാറുകാര്‍ക്കും നടത്തിപ്പുക്കാര്‍ക്കും എക്‌സ്പ്‌ളോസീവ് വിഭാഗത്തിന്റെ പ്രത്യേകപരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായി. ചെറു പൂരങ്ങള്‍ പെരുന്നാളുകള്‍ എന്നിവയിലെ വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടറും പൊലീസും ചേര്‍ന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും വെടിക്കെട്ടിന് അനുമതി നല്‍കുക.